ചളവ കുറ്റിക്കാട് ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപക നാശം വരുത്തി. ചളവ താണിക്കുന്നില്‍ താമസിക്കുന്ന കൊഴിഞ്ഞ് പോക്കില്‍ കൃഷ്ണന്റെ കായ്ക്കുന്ന എഴ് തെങ്ങുകള്‍, 200 കുലച്ച വാഴകള്‍, പിലാച്ചോലയില്‍ താമസിക്കുന്ന തോട്ടുങ്ങല്‍ മുജീബിന്റെ രണ്ട് വർഷമായ 55 റബർ മരം, പാലൊളിപറമ്ബില് താമസിക്കുന്ന തേക്കിൻകാട് ദിവാകരന്റെ 25 വാഴകള്‍ എന്നിവയാണ് വ്യാഴാഴ്ച പുലർച്ചെയിറങ്ങിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
ആനകളുടെ ദൃശ്യം സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഒരാഴ്ചയായി ആനകള്‍ പറയമാട് സർക്കാർ വനത്തില്‍ തമ്ബടിച്ചിരിക്കുകയാണ്. ഒരു മാസം മുമ്ബും പ്രദേശത്ത് ആനകള്‍ കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ നശിപ്പിച്ചതിനേക്കാള്‍ പതിന്മടങ്ങാണ് വ്യാഴാഴ്ച പുലർച്ചെ നശിപ്പിച്ചതെന്ന് കർഷകർ പറഞ്ഞു. ആനകള്‍ പ്രദേശത്ത് തമ്ബടിച്ച് കൃഷി നശിപ്പിക്കുന്ന വിവരം വനം വകുപ്പ് ജീവനക്കാരെ അറിയിച്ചിരുന്നുവെങ്കിലും പ്രദേശത്ത് എത്തി ആനകളെ ഉള്‍വനങ്ങളിലേക്ക് ഓടിക്കാൻ വനം വകുപ്പ് തയാറാകാത്തതിനാല്‍ കർഷകർ പ്രതിഷേധത്തിലാണ്. നാശ നഷ്ടത്തിനുള്ള അപേക്ഷ നല്‍കാനുള്ള അറിയിപ്പ് മാത്രമാണ് വനം വകുപ്പ് ജീവനക്കാർ കർഷകരോടെ പറയുന്നത്. നശിപ്പിക്കപ്പെട്ട കൃഷിക്കുള്ള നഷ്ടപരിഹാര തുക വളരെ കുറച്ചാണ് കിട്ടുന്നതെന്നും തുക വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തും, കടം വാങ്ങിയും, സ്വർണം പണയം വെച്ചുമാണ് കർഷകർ കൃഷി ഇറക്കുന്നത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.