വീട്ടില്‍ നട്ടുവളർത്താവുന്ന ഔഷധച്ചെടികള്‍ നിരവധിയുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇലയ്‌ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്.
പുരാതന കാലം മുതല്‍ ആളുകള്‍ തങ്ങളുടെ ആരോഗ്യം നല്ല നിലയില്‍ നിലനിർത്താൻ ഇത് ഉപയോഗിക്കുന്നു. സുന്ദരമായ ചർമ്മവും തിളക്കമുള്ള മുടിയും നിങ്ങള്‍ക്ക് നല്‍കുന്നത് മുതല്‍, കരള്‍, ഹൃദയ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയും, ആസ്ത്മ, പ്രമേഹം, വീക്കം, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളെ തടയുന്നതിനും ചികിത്സിക്കുന്നതിനും ആര്യവേപ്പിന് സാധിക്കും.
ആര്യവേപ്പുള്ളിടത്തു മഹാമാരികള്‍ അടുക്കില്ല എന്നൊരു ചൊല്ലുണ്ട്. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്കു ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യദായകമാണ്. വീടിന്റെ മുൻവശത്തു വേപ്പ് നട്ടു വളർത്തുന്നതും ഇതുകൊണ്ടു തന്നെ.
വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധശേഷി കൂടും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്. വേപ്പിലനീര് വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക്രോഗങ്ങള്‍ ഇവയ്‌ക്കു ശമനമുണ്ടാകും.
പഴുതാര, തേള്‍, എട്ടുകാലി തുടങ്ങിയ ക്ഷുദ്രജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്. എട്ടോ പത്തോ വേപ്പില ചവച്ചരച്ചു തിന്നാലും മതി. ചമ്മന്തിയാക്കി ചോറിനൊപ്പവും കഴിക്കാം. വേപ്പിൻ തളിര് പിഴിഞ്ഞ നീര് അതിദാഹം, മോഹാലസ്യം, അത്യാഗ്നി ഇവ അകറ്റാൻ നല്ലതാണ്.
ഉണങ്ങിയ മഞ്ഞളും വേപ്പിലയും ഗോമൂത്രത്തില്‍ അരച്ചു പുരട്ടി രണ്ടു മണിക്കൂറിനുശേഷം ചെത്തിയില ഇട്ട് വെന്തവെള്ളത്തില്‍ കുളിപ്പിച്ചാല്‍ കുട്ടികളുടെ ചിരങ്ങും ചൊറിയും മാറും.വേപ്പിലയും മഞ്ഞളും കൂടി അരച്ചു പുരട്ടുന്നതും കൊള്ളാം.വേപ്പില കഷായം തണുപ്പിച്ച് പതിവായി മുഖം കഴുകിയാല്‍ മുഖക്കുരുവിന്റെ ശല്യം ഉണ്ടാകില്ല.
വേപ്പിന്റെ മൂക്കാത്ത കമ്ബ് ചതച്ചു പല്ലുതേയ്‌ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിനു നന്ന്. മുറിവുകളും വ്രണങ്ങളും കരിയാൻ ആര്യവേപ്പില വെന്ത വെള്ളം കൊണ്ടു കഴുകിയാല്‍ മതി. ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിടുക. പൊള്ളല്‍ ഉണങ്ങും.വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിക്കുക. ഇതുകൊണ്ടു തല കഴുകിയാല്‍ മുടികൊഴിച്ചില്‍, താരൻ, പേൻ ഇവ കൊഴിയും