ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനുമെതിരെ മോശം പരാമർശം നടത്തിയ സംവിധായകൻ രാംഗോപാല്‍ വര്‍മയ്‌ക്കെതിരെ കേസ്.
സിനിമ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വർമ സാമൂഹികമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയേയും കുടുംബത്തേയും മറ്റു നേതാക്കന്മാരെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി തെലുങ്കുദേശം നേതാവ് രാമലിംഗം നല്‍കിയ പരാതിയിന്മേലാണ് കേസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വര്‍മ പ്രചരിപ്പിച്ചത്. ഐടി ആക്‌ട് പ്രകാരമാണ് കേസ്.
തെലുങ്കുദേശം നേതാക്കള്‍ക്കെതിരെ നിരന്തരം രാം ഗോപാല്‍ വര്‍മ വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്. 2019-ല്‍ പുറത്തിറങ്ങിയ ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ നന്ദമുരി താരക രാമറാവുവിനെതിരെയുള്ള (എന്‍ടിആര്‍) വിമര്‍ശനാത്മക ചിത്രമായിരുന്നു.