പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്ബലപ്പുഴ താലൂക്കുകളില്‍ വെള്ളിയാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം മുൻനിശ്ചയിച്ച പൊതു പരീക്ഷകള്‍ മുൻ നിശ്ചയിച്ചപ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ചക്കുളത്തുകാവിലെ പൊങ്കാലയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒന്പതിനു വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടക്കും.
ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നു ട്രസ്റ്റ് പ്രസിഡന്‍റും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന്‍ നമ്ബൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്കു തുടക്കംകുറിക്കും.
പൊങ്കാല ദിനത്തില്‍ കെഎസ്‌ആര്‍ടിസി വിവിധ ജില്ലകളില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും നടത്തുന്നുണ്ട്. ഭക്തരെ വഹിച്ചുകൊണ്ടുള്ള ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ പൊങ്കാല ദിനം രാവിലെ ക്ഷേത്രത്തില്‍ എത്തിക്കുകയും ചടങ്ങുകള്‍ക്കുശേഷം ഭക്തരുമായി മടങ്ങുകയും ചെയ്യും.ഭക്തര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.