സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദി ഗോട്ട്’.
സിനിമയുടെ ഓരോ അപ്ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വിജയ്‌യുടെ പുതിയ പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
പതിവ് പോലെ മാസ്സിന് ഒട്ടും കുറവില്ലാതെയാണ് പുതിയ പോസ്റ്ററിലെ വിജയുടെ ലുക്ക്. പ്രഭു ദേവ, അജ്മല്‍ അമീർ, പ്രസാന്ത് തുടങ്ങിയവരെയും പോസ്റ്ററില്‍ കാണാം. മറക്കാനാകാത്ത ഒരു എപിക് അനുഭവമായിരിക്കുമെന്നാണ് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് അണിയറപ്രവർത്തകർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
നേരത്തെ ചിത്രത്തിന്റേതായി പുലർത്തു വന്ന രണ്ട് പാട്ടുകള്‍ക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ട്രോളിയവർക്കുള്ള മറുപടി എന്നോണമാണ് ചിത്രത്തിലെ ഈ പുതിയ പോസ്റ്റർ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമ്മന്റുകള്‍. പോസ്റ്റർ വിജയ് ആരാധകരെ ഒന്നടങ്കം പിടിച്ചു ആവേശത്തിലാക്കിയിട്ടുണ്ട്.
മലയാള നടൻ ജയറാമും വിജയ് ചിത്രത്തില്‍ നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. കഥ രഹസ്യമായി സൂക്ഷിച്ചാണ് വിജയ് ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ് നിര്‍വഹിക്കുന്നത്. സംഗീതം യുവൻ ശങ്കര്‍ രാജയാണ്.