ഗോകുലത്തിന്‌ വിജയത്തുടക്കം

ഐ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്ബ്യന്‍ ഗോകുലം കേരള എഫ്‌.സിക്കു വിജയത്തുടക്കം. മൂന്നാം കിരീടമെന്ന ലക്ഷ്യവുമായി സീസണ്‍ തുടങ്ങിയ ഗോകുലം ആദ്യ മത്സരത്തില്‍ ശ്രീനിധി ഡെക്കാനെ 3-2 നു തോല്‍പ്പിച്ചു.

ഡെക്കാന്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു ഗോകുലം തിരിച്ചടിച്ചത്‌. 40-ാം മിനിറ്റില്‍ ലാല്‍റോമാവിയ സീസണിലെ ആദ്യ ഗോളടിച്ചു. ഒന്നാം പകുതിയില്‍ ശ്രീനിധി മുന്നിലായിരുന്നു. 60-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഷാവേസ്‌ സമനില ഗോളടിച്ചു. 84-ാം മിനിറ്റില്‍ നാചോ അബെലെഡോ ഗോകുലത്തിനു ലീഡ്‌ നേടിക്കൊടുത്തു. ഇഞ്ചുറി ടൈമില്‍ റാംദിന്‍താര ലീഡ്‌ വര്‍ധിപ്പിച്ചു. തൊട്ടു പിന്നാലെ ഡേവിഡ്‌ മുനോസ്‌ ശ്രീനിധിക്കായും ഗോളടിച്ചു. കഴിഞ്ഞ സീസണില്‍ ശ്രീനിധി രണ്ടാമതും ഗോകുലം മൂന്നാമതുമായിരുന്നു.
ഗോകുലം കോച്ച്‌ റുഡ ഫെര്‍ണാണ്ടസ്‌ 4-3-3 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്‌. വി.പി. സുഹൈര്‍, ഷാവേസ്‌ എന്നിവര്‍ വിങുകളിലും ആഡം നിയാനി മുന്നിലും നിരന്നു. ശ്രീനിധി കോച്ച്‌ റൂയി അമോറിം 4-4-2 ഫോര്‍മേഷനിലാണു ടീമിനെയിറക്കിയത്‌. വില്യമും ആന്ദ്രെ ഒറെലിയനും മുന്നില്‍നിന്നു കളിച്ചു. കളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ നാചോ ഗോളിന്‌ അടുത്തെത്തി. താരത്തിന്റെ ഷോട്ട്‌ നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പോയി. ഗോകുലം പ്രതിരോധത്തിന്റെ പിഴവ്‌ മുതലെടുത്താണ്‌ ലാല്‍റോമാവിയ ഗോളടിച്ചത്‌. ഷാവേസിന്റെ ഗോളും ശ്രീനിധിയുടെ പ്രതിരോധപ്പിഴവില്‍ നിന്നാണ്‌. വി.പി. സുഹൈറിന്റെ ഒരു ക്രോസ്‌ ക്ലിയര്‍ ചെയ്യാനുള്ള ജഗ്‌ദീപ്‌ സിങിന്റെ ശ്രമം പാളി. പന്ത്‌ കിട്ടിയത്‌ ഷാവേസിന്‌. ശ്രീനിധിയുടെ എംബോക്ലാങ്‌ നോണ്‍ഖാലുവിന്റെ അലക്ഷ്യമായ ക്ലിയറന്‍സ്‌ ഗോകുലത്തിനു ലീഡ്‌ നേടിക്കൊടുത്തു. നാചോയുടെ ഇടംകാലനടി ലക്ഷ്യം കണ്ടു.
നയ്‌ഹാതി ബങ്കിംമാജാലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ കാശി എസ്‌.സി. ബംഗളുരുവിനെ 1-0 ത്തിനു തോല്‍പ്പിച്ചു. എഡ്‌മുണ്ട്‌ ലാല്‍റിന്‍ഡികയാണ്‌ കാശിക്കായി ഗോളടിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *