രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷൻ ചിത്രമാണ് ഗെയിം ചേഞ്ചർ. ഗെയിം ചേഞ്ചറിലൂടെ മികച്ച അനുഭവം പ്രേക്ഷകർക്ക് നല്‍കാനാകുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് ശങ്കർ പറയുന്നു.
രാംചരണിന് ഇതൊരു ലൈഫ് ടൈം കഥാപാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗെയിം ചേഞ്ചറില്‍ ഞാൻ പൂർണ്ണ സംതൃപ്തനാണ്. ഉജ്ജ്വലമായ തിരക്കഥയില്‍ നിറഞ്ഞ ഒരു റേസി സിനിമയായിരിക്കും ഗെയിം ചേഞ്ചർ എന്നാണ് ശങ്കർ പറയുന്നത്.
400 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമക്ക് മേല്‍ വലിയ പ്രതീക്ഷകളാണ് ഉള്ളത്. കേരളത്തില്‍ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തില്‍ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ കേരളത്തില്‍ പ്രദർശനത്തിനെത്തിക്കും. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വമ്ബൻ ബഡ്ജറ്റില്‍ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം, വമ്ബൻ ആക്ഷൻ രംഗങ്ങളും അമ്ബരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകള്‍ ഉണ്ട്.