വർക്കലയില്‍ ഗൃഹനാഥൻ പള്ളിയില്‍ നമസ്കരിക്കാൻ പോയ സമയം വീട്ടില്‍ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്ന കേസില്‍ പത്താംക്ലാസുകാരനും സുഹൃത്തായ യുവാവും പിടിയില്‍.
പത്താം ക്ലാസ് വിദ്യാർത്ഥിയും വർക്കല കാപ്പില്‍ സ്വദേശിയായ കൃഷ്ണാഭവനില്‍ സായ് കൃഷ്ണനും (25) ആണ് അയിരൂർ പൊലീസിന്റെ പിടിയിലായത്. വർക്കല കാപ്പില്‍ പണിക്കക്കുടി വീട്ടില്‍ ഷറഹബീലിന്റെ വീട്ടിലാണ് നട്ടുച്ചസമയം മോഷണം നടന്നത്.
ഉച്ചയ്ക്ക് 12.45 ഓടെ വീട്ടില്‍നിന്നിറങ്ങിയ വയോധികൻ പള്ളിയില്‍ നമസ്കാരം കഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് അയിരൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥി സ്കൂളില്‍ നിന്നും വരുന്ന വഴി വീട്ടില്‍ നിന്നും ഇറങ്ങി വരുന്ന വയോധികനെ കാണുകയും കുശലാന്വേഷണത്തില്‍ വയോധികൻ പള്ളിയില്‍ നമസ്കരിക്കാൻ പോകുന്നു എന്നുള്ള വിവരം മനസിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് വയോധികന്റെ വീട്ടില്‍ മറ്റാരുമില്ല എന്ന് മനസിലാക്കിയ വിദ്യാർത്ഥി വീടിന്റെ പിൻവാതില്‍ കുത്തിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിക്കുകയും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നെടുത്തു.