മണ്ഡല കാലത്തിനൊപ്പം ക്രിസ്മസ് അവധിക്കാലം കൂടിയായതോടെ ഗുരുവായൂരില്‍ ദര്‍ശനത്തിന് തിരക്ക് കൂടി.
ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. തിരക്ക് കാരണം പുറത്തെ വരിയില്‍ നിന്നുള്ള ഭക്തരെ നേരെ കൊടിമരം വഴിയാണ് നാലമ്ബലത്തിന് ഉള്ളിലേക്ക് ഈ രണ്ട് ദിവസങ്ങളിലും പ്രവേശിപ്പിച്ചത്. തിരക്ക് കൂടിയതോടെ അതിന് ആനുപാതികമായി വഴിപാടുകളുടെ എണ്ണവും കൂടി.
ഞായറാഴ്ച മാത്രം ഒരു കോടിയോളം രൂപയാണ് വഴിപാട് ഇനത്തില്‍ മാത്രം ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനം. വരി നില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിന് നെയ്വിളക്ക് ശീട്ടാക്കിയത് വഴിയുള്ള വരുമാനം 29 ലക്ഷം കടന്നു. വലിയ തിരക്കുള്ള ദിവസങ്ങളില്‍ പോലും നെയ്വിളക്ക് ശീട്ടാക്കിയത് വഴിയുള്ള വരുമാനം ശരാശരി 25 ലക്ഷം രൂപ വരേയെ ലഭിക്കാറുള്ളൂ എന്നതാണ് ശ്രദ്ധേയം.
തുലാഭാരം വഴിപാടില്‍ 20 ലക്ഷത്തോളം രൂപയും പാല്‍പ്പായസം ശീട്ടാക്കിയത് വഴി അഞ്ച് ലക്ഷത്തോളം രൂപയും ആണ് ലഭിച്ചത്. ഈ ദിവസങ്ങളില്‍ 139 വിവാഹങ്ങളും ക്ഷേത്രത്തില്‍ നടന്നു. വധൂവരന്മാരും ഫോട്ടോഗ്രാഫര്‍മാരുമുള്‍പ്പെടെ 20 പേരെ മാത്രമേ ഒരു വിവാഹ സംഘത്തോടൊപ്പം മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. വിവാഹ സംഘത്തിന്റെ തിക്കും തിരക്കും ക്ഷേത്രനടയില്‍ പ്രകടമാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ രജിസ്ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വിവാഹ സംഘങ്ങള്‍ക്കും ഗുണപരമായി. 469 കുട്ടികളുടെ ചോറൂണും ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നു. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തിലെ ഭണ്ഡാരം എണ്ണിയപ്പോള്‍ 4,98,14,314 രൂപയാണ് ലഭിച്ചത്. സി എസ് ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഇക്കുറി ഭണ്ഡാരം എണ്ണലിന്റെ ചുമതല.
1.795 കിലോ സ്വര്‍ണവും 9.980 കിലോ വെള്ളിയും ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 2000, 1000, 500 രൂപ നോട്ടുകളും ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നു. 2000 രൂപയുടെ 20 നോട്ടുകളും 1000 രൂപയുടെ ആറ് നോട്ടുകളും 500 ന്റെ 38 നോട്ടുകളുമാണ് ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ഇ ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും പടിഞ്ഞാറേ നടയിലെ ഇ ഭണ്ഡാരം വഴി 44,797 രൂപയും ആണ് ഈ മാസം ഇതുവരെ ക്ഷേത്രത്തിന് ലഭിച്ചത്.