ഇസ്രയേല്‍ സൈന്യം ഗാസ സിറ്റിയില്‍ അഭയകേന്ദ്രമായ സ്‌കൂളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടത്തിയ ബോംബിങ്ങില്‍ 32 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
മൂസ ബിന്‍ നുസയര്‍ സ്‌കൂളില്‍ ബോംബിട്ടതിനെത്തുടര്‍ന്നു കുട്ടികളടക്കം 8 പേരാണു കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രി ഒഴിയാന്‍ ഇസ്രയേല്‍ അന്ത്യശാസനം നല്‍കിയെന്ന് ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ രോഗികളെ ഒഴിപ്പിക്കാന്‍ ആംബുലന്‍സ് ഇല്ലാത്ത സ്ഥിതിയാണെന്നും വ്യക്തമാക്കി.
3 മാസത്തിലേറെയായി വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂന്‍ എന്നീ പട്ടണങ്ങളും സമീപമുള്ള ജബാലിയ അഭയാര്‍ഥിക്യാംപും വളഞ്ഞുവച്ച ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. ഹമാസുകാരെ നേരിടാനാണിതെന്നും നൂറുകണക്കിന് ഹമാസുമാരെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ജബാലിയ ക്യാംപിലെ ഒരു വീടിനുള്ളില്‍ കടന്ന 9 ഇസ്രയേല്‍ സൈനികരെ വധിച്ചതായി ഹമാസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു