ഗാസയിൽ ആഹ്ളാദം; വെടിനിർത്തൽ ഞായറാഴ്ച മുതല്‍,

ഇരു വിഭാഗവും കരാര്‍ അംഗീകരിച്ചതായി ഖത്തര്‍
അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക കരാര്‍ യഥാര്‍ത്ഥ്യമായത്

ഗാസ: ഒന്നേകാല്‍ വര്‍ഷം നീണ്ട മനുഷ്യ കുരുതിക്ക് അറുതിയായി ഗാസ സമാധാനപ്പുലരിയിലേക്ക്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പ്രഖ്യാപിച്ചു. ഞായറാഴ്ച്ച മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും.

അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക കരാര്‍ യഥാര്‍ത്ഥ്യമായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കും.

പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കും. ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും മടക്കം. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങള്‍ വെടിനിര്‍ത്തലിന്റെ 16-ാം നാള്‍ ആരംഭിക്കും.

അതേസമയം വെടിനിര്‍ത്തല്‍ ധാരണകളില്‍ ചില വ്യക്തത വരാനുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഉടന്‍ ഇതുസംബന്ധിച്ച അന്തിമരൂപമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. 2023 ഒക്ടോബറില്‍ ഹമാസ് മിന്നലാക്രമണം നടത്തി ബന്ദികളായി പിടികൂടിയ 251 പേരില്‍ 94 പേരാണ് ഇപ്പോഴും ഹമാസ് പിടിയിലാണുള്ളത്.

ബന്ദിമോചനവും വെടിനര്‍ത്തലും സാധ്യമാക്കുന്ന കരാറിലെത്തിയതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എക്‌സില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതോടെ ഗാസ തെരുവുകളില്‍ വന്‍ ആഘോഷമാണ് നടന്നത്. നൃത്തമാടിയും കെട്ടിപ്പിടിച്ച് ഉമ്മവെച്ചുമാണ് ഗാസയിലെ മനുഷ്യര്‍ വെടിനിര്‍ത്തല്‍ വാര്‍ത്ത സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *