ഗാസയിലും ലബനനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഗാസയിലെ ദെയ്റല്‍ ബലാഹ്, നുസുറത്ത് അഭയാർഥി ക്യാംപ്, അല്‍ സവൈദ എന്നിവിടങ്ങളില്‍ ബോംബാക്രമണങ്ങളില്‍ ഒറ്റരാത്രിയില്‍ 55 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ഡസൻകണക്കിനാളുകള്‍ക്കു പരുക്കേറ്റു. ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളില്‍ ഇന്നലെ പുലർച്ചെ പത്തോളം തവണ ഇസ്രയേല്‍ ബോംബിട്ടു.
ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ യുനെസ്കോ പട്ടികയിലുള്ള ലബനനിലെ ബാല്‍ബെക്ക് പട്ടണത്തിലും രൂക്ഷമായ ആക്രമണമാണു നടത്തിയത്. ഈ മേഖലകളില്‍നിന്നെല്ലാം ഭൂരിപക്ഷം ജനങ്ങളും സുരക്ഷിതമേഖലയിലേക്ക് ഒഴിഞ്ഞുപോയിരുന്നു. നുറുസറത്ത് ക്യാംപില്‍ ബോംബിട്ടതിനെത്തുടർന്നു 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞും 10 വയസ്സുള്ള സഹോദരിയും കൊല്ലപ്പെട്ടു. ഇവരുടെ പിതാവിനെ 4 മാസം മുൻപ് വ്യോമാക്രമണത്തിനിടെ കാണാതായിരുന്നു.