ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടയിലും ഇസ്രായേലിന് വീണ്ടും ആയുധം നല്‍കാൻ അമേരിക്ക

 ഗസ്സ വെടിനിർത്തല്‍ കരാറിനുള്ള മുറവിളികള്‍ക്കിടെ ഇസ്രായേലിന് വീണ്ടും കോടികളുടെ ആയുധങ്ങള്‍ നല്‍കാൻ അമേരിക്ക.

680 മില്യണ്‍ ഡോളറിന്‍റെ ആയുധ വില്‍പനക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നല്‍കിയതായാണ് പുറത്തുവരുന്ന വിവരം.

ലബനാനില്‍ ഹിസ്ബുല്ലയുമായി ഇസ്രായേല്‍ വെടിനിർത്തല്‍ കരാറിലെത്തിയ വിവരം ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇസ്രായേലിനെ വീണ്ടും ആയുധമണിയിക്കാനുള്ള നീക്കം പുറത്തുവരുന്നത്. ഗസ്സയിലും വെടിനിർത്തല്‍ നടപ്പാക്കുമെന്ന് ബൈഡൻ ഉറപ്പ് നല്‍കിയിരുന്നു. മാസങ്ങളായി ആയുധ വില്‍പന പാക്കേജുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രത്യേക കമ്മിറ്റി ആയുധ കരാർ ചർച്ച ചെയ്യുകയും ഒക്ടോബറില്‍ വിപുലമായ അവലോകനത്തിനായി സമർപ്പിക്കുകയും ചെയ്തായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ലോകമെങ്ങും ഗസ്സ വെടിനിർത്തലിനായി മുറവിളി ശക്തമാകുമ്ബോഴും അമേരിക്ക വീണ്ടും ഇസ്രായേലിന് ആയുധം നല്‍കുന്നത് ആക്രമണം ശക്തമാക്കാനാണ് സഹായിക്കുകയെന്ന ആക്ഷേപമുണ്ട്. യുദ്ധവിമാനങ്ങളില്‍നിന്ന് വർഷിക്കാവുന്ന ചെറു ബോംബുകള്‍ ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുന്നത്. എന്നാല്‍, വാർത്തകളോട് ബൈഡൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരുമെന്ന അമേരിക്കൻ നിലപാടിലെ പൊള്ളത്തരമാണ് ഇതിലൂടെ പുറത്തുവരുന്നത്.

ഒരുഭാഗത്ത് സമാധാനത്തിനായി വാദിക്കുമ്ബോള്‍, മറുഭാഗത്ത് ഗസ്സയിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കാൻ അമേരിക്ക ഇസ്രായേലിന് കോടികണക്കിന് രൂപയുടെ ആ‍യുധങ്ങള്‍ നല്‍കുകയാണ്. ഗസ്സയില്‍ ഇതുവരെ ഇസ്രായേല്‍ 44,282 പേരെയാണ് കൊലപ്പെടുത്തിയത്. ബൈറൂതിലും ലബനാന്റെ മറ്റു ഭാഗങ്ങളിലും സമീപനാളുകളിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചില്‍ നടത്തിയ രാത്രിയിലായിരുന്നു ഇസ്രായേല്‍ സുരക്ഷ മന്ത്രിസഭ വെടിനിർത്തലിന് അംഗീകാരം നല്‍കിയത്.

തെക്കൻ ലബനാനില്‍ ഇസ്രായേല്‍ സേന നിലയുറപ്പിച്ച ഭാഗങ്ങളില്‍ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാർ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയാണ് വെടിനിർത്തല്‍. ലബനാൻ- ഇസ്രായേല്‍ അതിർത്തിയില്‍നിന്ന് 28 കിലോമീറ്റർ അകലെയൊഴുകുന്ന ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികള്‍ പിൻവാങ്ങണമെന്നും ഉപാധിയുണ്ട്. പകരം, അതിർത്തിയില്‍ 5000 ലബനാൻ സൈനികരെ വിന്യസിക്കണം.

ചൊവ്വാഴ്ച വൈകീട്ടാണ് ഇസ്രായേല്‍, ഫ്രാൻസ്, യു.എസ് എന്നിവ സംയുക്തമായി ലബനാൻ വെടിനിർത്തല്‍ കരാർ പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലർച്ച പ്രാബല്യത്തില്‍ വരുന്നതിന് നാലു മണിക്കൂർ മുമ്ബ് കുടിയൊഴിപ്പിക്കല്‍ ഉത്തരവിറക്കിയും ഒരു മണിക്കൂർ മുമ്ബും വ്യോമാക്രമണം തുടർന്നും ലബനാനില്‍ ഭീതി വിതച്ചായിരുന്നു ഇസ്രായേല്‍ താല്‍ക്കാലിക വെടിനിർത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *