ഗസ്സ ചിരിച്ചു; ആഹ്ലാദത്തേരിലേറി ജനം തെരുവില്‍

ഏറെ കാലത്തെ ഇസ്‌റാഈല്‍ നരനായാട്ടിന് അന്ത്യം കുറിച്ച് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതോടെ ഗസ്സയിലെങ്ങും അഹ്ലാദ നിമിഷങ്ങള്‍. ജനം തെരുവിലിറങ്ങി ആഘോഷപ്രകടനങ്ങള്‍ തുടങ്ങി. മാനുഷിക സഹായവുമായി 4,000 ട്രക്കുകള്‍ ഗസ്സയിലേക്ക് പ്രവേശിക്കാനായി തയ്യാറായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു എന്‍ ആര്‍ ഡബ്ല്യു എ അറിയിച്ചു.

ആദ്യ ദിവസം മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് താത്ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. റോമി ഗോനെന്‍, എമിലി ഡാമാരി, ഡോരോണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ എന്നിവരെ മോചിപ്പിക്കുമെന്നാണ് ഹമാസ് അറിയിച്ചത്.
ഗസ്സയില്‍ പ്രാദേശിക സമയം നാല് മണിയോട് കൂടി മൂന്ന് ബന്ദികളെയും മോചിപ്പിക്കും. ഏഴ് ദിവസത്തിനകം നാല് വനിതാ ബന്ദികളെയും മോചിപ്പിക്കും. പ്രാദേശിക സമയം 11.15 മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയെന്ന് ഇസറാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് അറിയിച്ചത്.
അതേസമയം, ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സര്‍ക്കാറിന്റെ സഖ്യകക്ഷിയായ ഒറ്റ്സ്മ യെഹൂദിറ്റ് പാര്‍ട്ടി ഭരണസഖ്യം വിട്ടു. നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് ഇവരുടെ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു. ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പൈതൃകവകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസര്‍ലൗഫ് എന്നിവര്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് രാജികത്ത് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *