ഗസ്സയില്‍ ഇസ്രായേല്‍ കൊന്നവരില്‍ 44 ശതമാനവും കുട്ടികളെന്ന് യു.എൻ റിപ്പോര്‍ട്ട്; ഭൂരിഭാഗവും 5-9 വയസ്സുകാര്‍

ഗസ്സയില്‍ ഇസ്രായേല്‍ നരനായാട്ടില്‍ ജീവൻ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് യു.എൻ മനുഷ്യാവകാശ സംഘടന റിപ്പോർട്ട്.

ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരില്‍ 70 ശതമാനത്തോളം പേർ സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇവരില്‍ 44 ശതമാനവും കുട്ടികളാണ്. 26 ശതമാനം സ്ത്രീകളും. കഴിഞ്ഞ വർഷം നവംബർ മുതല്‍ ഈ വർഷം ഏപ്രില്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് മുതല്‍ ഒമ്ബത് വയസ്സുവരെയുള്ളവരാണെന്നും 32 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.

വീടുകള്‍ക്കും റെസിഡൻഷ്യല്‍ കെട്ടിടങ്ങള്‍ക്കും മേല്‍ ബോംബിട്ടതിനെ തുടർന്നാണ് 80 ശതമാനം പേരുടെയും ജീവൻ പൊലിഞ്ഞത്. സാധാരണക്കാരും നിരപരാധികളുമായവർക്കുനേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ മനുഷ്യാവകാശ സംഘടന മേധാവി വോള്‍കർ ടേർക് പറഞ്ഞു.

അതിനിടെ, ഇസ്രായേല്‍ ബോംബിട്ട് തകർത്ത കെട്ടിടങ്ങളുടെ അവിശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനെത്തുന്നവർക്ക് നേരെയും ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയതോടെ ഉത്തര ഗസ്സയിലേക്ക് കടക്കാനാവാതെ രക്ഷാപ്രവർത്തന സംഘങ്ങള്‍. ആരോഗ്യ പ്രവർത്തകരുടെയും രക്ഷാപ്രവർത്തകരുടെയും സേവനം നിലച്ചതോടെ ആയിരങ്ങളാണ് ചികിത്സ കിട്ടാതെ ദുരിതത്തിലായത്. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ കഴുതവണ്ടിയിലോ ചുമന്നോ കൊണ്ടുപോകേണ്ട ഗതികേടിലാണ് മേഖലയിലുള്ളവർ.

പ്രദേശവാസികള്‍ തന്നെയാണ് നിലവില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കുന്നതും അടിയന്തര ചികിത്സ നല്‍കുന്നതും. സ്‌ട്രെച്ചറുകള്‍ ഇല്ലാത്തതിനാല്‍ മരപ്പലകകളും വാതിലുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതെന്ന് ബൈത് ലാഹിയയിലെ മസീൻ അഹമ്മദ് പറഞ്ഞു.

ഒരു മാസമായി വടക്കൻ ഗസ്സ പൂർണമായും വളഞ്ഞ ഇസ്രായേല്‍, ഇവിടെ കൂട്ടക്കുരുതി നടത്തുകയാണ്. ബോംബിങ്ങിലും വെടിവെപ്പിലും 1500ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബൈത് ലാഹിയ ഉള്‍പ്പെടെ പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേല്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് രണ്ടാഴ്ച മുമ്ബ് ഏറ്റവും വലിയ രക്ഷാപ്രവർത്തന സംഘമായ ഗസ്സയിലെ സിവില്‍ ഡിഫൻസ് ഫോഴ്സ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായത്.

പരിക്കേറ്റവരെ കഴുതവണ്ടിയിലും മറ്റും ആശുപത്രിയിലെത്തിക്കേണ്ടിവരുന്നത് ചികിത്സ വൈകാനും മരണത്തിനിടയാക്കുമെന്നും യു.എൻ സന്നദ്ധ സംഘടനയായ യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു. രക്ഷാപ്രവർത്തകരെ ബോധപൂർവം ആക്രമിക്കുകയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ നടത്തുന്ന ശ്രമം പരാജയപ്പെടുത്തുകയുമാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് സംയുക്ത പ്രസ്താവനയില്‍ യുനിസെഫും ലോക ഭക്ഷ്യ പദ്ധതിയും ലോകാരോഗ്യ സംഘടനയും കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *