ജീവനക്കാർക്ക് സൗകര്യപ്രദമായ ജോലി സമയം അനുവദിക്കുകയോ വർക്ക് ഫ്രം ഹോം നല്‍കുകയോ ചെയ്യുന്നതിലൂടെ ദുബൈയില്‍ തിരക്കേറിയ സമയങ്ങളിലെ രൂക്ഷമായ ഗതാഗത ക്കുരുക്കിന് വലിയ തോതില്‍ പരിഹാരം കാണാനാവുമെന്ന് പഠന റിപ്പോർട്ട്.
ഏറ്റവും തിരക്കേറിയ സമയമായ രാവിലെ യാത്രാസമയം 30 ശതമാനം വരെ കുറക്കാൻ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തല്‍. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആല് മക്തൂമിന്റെ ട്രാഫിക് ഫ്ലോ പ്ലാനിന്റെ അംഗീകാരത്തോടെ നടത്തിയ രണ്ട് സർവേകളിലാണ് പുതിയ കണ്ടെത്തല്‍. ദുബൈ റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) ദുബൈ മാനവ വിഭവ ശേഷി വകുപ്പും ചേർന്നാണ് സർവേ ഫലം ചൊവ്വാഴ്ച പുറത്തുവിട്ടത്.
ആദ്യ സർവേയില്‍ 644 കമ്ബനികളിലായി 3,20,000 ജീവനക്കാരുടെ അഭിപ്രായങ്ങളാണ് വിലയിരുത്തിയത്. രണ്ടാമത്തെ സർവേയില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള 12,000 തൊഴിലാളികള്‍ പങ്കെടുത്തു. രാവിലത്തെ തിരക്ക് ഒഴിവാക്കാനായി എമിറേറ്റിലെ 32 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും വിദൂര തൊഴില്‍ നയം സ്വീകരിക്കുന്നതായും സർവേ ഫലം വ്യക്തമാക്കുന്നു.
58 ശതമാനം സ്ഥാപനങ്ങളും പുതിയ രീതി നടപ്പിലാക്കാൻ സന്നദ്ധരാണ്. കൂടാതെ 31 ശതമാനം കമ്ബനികള്‍ തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ ജോലി സമയം അനുവദിക്കുന്നുണ്ട്. 66 ശതമാനം കമ്ബനികള്‍ ഈ രീതിയോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും സർവേ പഠനം വ്യക്തമാക്കുന്നു.
അതേസമയം, രണ്ട് രീതികളിലൂടെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിമാസം നാലോ അഞ്ചോ പ്രവൃത്തി ദിനങ്ങള്‍ അനുവദിക്കുന്നതായും പഠനം കണ്ടെത്തി. ഇതുവഴി രാവിലത്തെ യാത്രാ സമയം 30 ശതമാനം കുറക്കാൻ കഴിഞ്ഞു.
അടിസ്ഥാന സൗകര്യ, നഗരാസൂത്രണ വിഭാഗം കമീഷണർ ജനറല്‍ മതാർ അല്‍ തായർ, ദുബൈ മാനവ വിഭവശേഷി വകുപ്പ് ഡയറക്ടർ ജനറല്‍ അബ്ദുല്ല അലി ബിൻ സായിദ് അല്‍ ഫലാസി എന്നിവർ ചേർന്ന് പഠന ഫലങ്ങള്‍ വിലയിരുത്തി. ദുബൈയിലെ സ്വകാര്യ സ്ഥാപനങ്ങളെ പുതിയ രീതികള്‍ അവലംബിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.