ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് എന്ത് ചെയ്യണം എന്നത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
അതിനായി മുഖ്യമന്ത്രിയെ ഇന്ന് രാവിലെ കാണുമെന്നും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടില്‍ പറയുന്ന എല്ലാ ഭാഗവും നടപ്പിലാക്കണമെന്നില്ല. എല്ലാ തലത്തിലും ഉള്ള ചര്‍ച്ചകളും നടത്തും. സ്‌കൂള്‍ സമയത്തിലുള്ള മാറ്റത്തില്‍ മന്ത്രിസഭയില്‍ അടക്കം ചര്‍ച്ചചെയ്ത ശേഷമെ തീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കിയ മന്ത്രി, സ്‌കൂളുകളുടെ സമയമാറ്റം ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
അധ്യാപകരുടെ പ്രതിഷേധം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അധ്യാപകരെ ബുദ്ധിമുട്ടുണ്ടാകുന്ന ഒരു കാര്യവും നടപ്പാക്കില്ല. അത്തരത്തിലൊന്നും റിപ്പോര്‍ട്ടിലുമില്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം ഉടന്‍ നടപ്പിലാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
പൊതു വിദ്യാഭ്യാസരംഗം ശാന്തമായ നിലയില്‍ പോകുക എന്നതാണ് ആഗ്രഹിക്കുന്നതെന്നും ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി സ്റ്റേയില്‍ മന്ത്രി പ്രതികരിച്ചു. അധ്യാപകരുടെ സഹായം ആവശ്യമാണ്. അപ്പീല്‍ പോകാന്‍ നിലവില്‍ തീരുമാനമില്ലെന്നും വിധി പകര്‍പ്പ് കിട്ടിയശേഷം തുടര്‍നടപടി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.