ഖത്തറില്‍ ഷോപ്പിങ്ങിന് ഇനി നാട്ടിലെ യു.പി.ഐയും

ഇന്ത്യൻ ഡിജിറ്റല്‍ പേമെൻറ് സംവിധാനമായ യു.പി.ഐ ആപ്ലിക്കേഷനുകള്‍ വഴി ഇനി ഖത്തറിലും ഷോപ്പിങ് നടത്താം.ഇന്ത്യയില്‍നിന്നുള്ള സന്ദർശകർക്കും വിനോദസഞ്ചാരികള്‍ക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമെല്ലാം ക്യു.ആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് സാധ്യമാക്കുന്ന യു.പി.ഐ സൗകര്യമൊരുക്കുന്നതിന് ഖത്തര്‍ നാഷനല്‍ ബാങ്കും (ക്യു.എൻ.ബി) എൻ.പി.സി.ഐ ഇൻറര്‍നാഷനല്‍ പേമെൻറ് ലിമിറ്റഡും തമ്മില്‍ ധാരണയിലെത്തി.

ഇന്ത്യക്കാർക്ക് തങ്ങളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ് ഉപയോഗിച്ചു തന്നെ ഷോപ്പിങ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് പുതിയ നീക്കം.

ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഗൂഗ്ള്‍ പേ, ഫോണ്‍ പേ ഉള്‍പ്പെടെ പേമെൻറ് ആപ് വഴി ഇങ്ങനെ രാജ്യത്തുടനീളം പണമിടപാട് നടത്താം. റസ്റ്റാറൻറുകള്‍, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം സേവനം ലഭ്യമാകും.

ഖത്തറിലെ റീട്ടെയില്‍-റസ്റ്റാറൻറ് മേഖലകളിലെ വലിയ സാന്നിധ്യമായ ഇന്ത്യന്‍ പ്രവാസി സംരംഭകർക്കും ഗുണകരമായി ഉപയോഗപ്പെടുത്താം. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എൻ.ഐ.പി.എല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.

സന്ദർശകരും ട്രാൻസിറ്റ് യാത്രക്കാരും ഉള്‍പ്പെടെ ഖത്തറിലെ വലിയൊരു വിഭാഗം ഇന്ത്യക്കാർക്ക് തങ്ങളുടെ ഇടപാടുകള്‍ ഏറ്റവും വേഗത്തില്‍ സാധ്യമാക്കുന്നതാണ് പുതിയ കരാറെന്ന് എൻ.പി.സി.ഐ ഡെപ്യൂട്ടി ചീഫ് അനുഭവ് ശർമ പറഞ്ഞു. ജൂണ്‍ അവസാന വാരത്തില്‍ യു.പി.ഐ സേവനം യു.എ.ഇയിലും നിലവില്‍ വന്നിരുന്നു. മിഡിലീസ്റ്റ്, ആഫ്രിക്ക ഉള്‍പ്പെടെ 28 രാജ്യങ്ങളിലായി ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയാണ് ഖത്തർ നാഷനല്‍ ബാങ്ക്.

Leave a Reply

Your email address will not be published. Required fields are marked *