‘ക്ഷേത്രങ്ങളില്‍നിന്നുള്ള വിഗ്രഹങ്ങളുണ്ട്’; ഡല്‍ഹി ജമാമസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ഹിന്ദു സേന

ഡല്‍ഹിയിലെ പ്രശസ്തമായ ജമാമസ്ജിദില്‍ ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന.

സംഘടനയുടെ ദേശീയ പ്രസിഡൻറ് വിഷ്ണു ഗുപ്ത ഇതുസംബന്ധിച്ച്‌ എഎസ്ഐ ഡയറക്ടർ ജനറലിന് കത്തയച്ചു.

മുഗള്‍ ചക്രവർത്തി ഔറംഗസീബ് ജോധ്പുരിലെയും ഉദയ്പുരിലെയും കൃഷ്ണ ക്ഷേത്രങ്ങള്‍ തകർക്കുകയും അവയുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് പള്ളി നിർമിച്ചതെന്നും കത്തില്‍ ആരോപിക്കുന്നു. ഹിന്ദു മതവികാരങ്ങളെ അവഹേളിക്കുന്ന രീതിയില്‍ മസ്ജിദിെൻറ കോണിപ്പടികള്‍ക്ക് താഴെ വിഗ്രഹങ്ങള്‍ കുഴിച്ചിട്ടതായും കത്തില്‍ ആരോപിക്കുന്നു.

ഇതിെൻറ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് വിഷ്ണു ഗുപ്ത വ്യക്തമാക്കി. സാഖി മുസ്താഖ് ഖാൻ രചിച്ച ‘ഔറംഗസേബ് നാമ’യാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഔറംഗസേബ് നടത്തിയ ചരിത്രപരമായ അതിക്രമങ്ങള്‍ തുറന്നുകാട്ടാൻ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും അവ ക്ഷേത്രങ്ങളില്‍ പുനഃസ്ഥാപിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ ഇതുവരെ എഎസ്ഐ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രശസ്തമായ പള്ളികളിലൊന്നാണ് ഡല്‍ഹി ജമാമസ്ജിദ്. 1644നും 1656നും ഇടയില്‍ മുഗള്‍ ചക്രവർത്തി ഷാജഹാനാണ് പള്ളി നിർമിക്കുന്നത്. മുഗള്‍ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്.

അതേസമയം, വിഷ്ണു ഗുപ്ത നേരത്തെയും ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നുണ്ട്. അജ്മീർ ദർഗ യഥാർഥത്തില്‍ ക്ഷേത്രമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അജ്മീർ ജില്ലാ കോടതിയില്‍ അദ്ദേഹം ഹരജി നല്‍കിയിരുന്നു. ഹരജി സ്വീകരിച്ച കോടതി, ഡിസംബർ 20ന് വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *