ക്ഷണിച്ചാല്‍ പോകുക, തരുന്നത് ഭക്ഷിക്കുക, കുഴിമന്തി തന്നെ വേണമെന്ന് പറയരുത്’; സാദിഖലി ശിഹാബ് തങ്ങള്‍കാര്യങ്ങളോട് വിവേകത്തോടെ പ്രതികരണം എന്നും സാദിഖലി ശിഹാബ് തങ്ങള്

മലപ്പുറം: കേക്ക് വിവാദത്തില്‍ എസ്‌വൈഎസ് നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിന് പരോക്ഷ മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കണം. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ഒരു വാക്ക് പറയുമ്പോള്‍ അതുകൊണ്ട് സമൂഹത്തിന് ഗുണം ഉണ്ടാകുമോയെന്ന് ചിന്തിക്കണം. അതല്ലാതെ ചാനലുകള്‍ ഏറ്റെടുക്കുമോയെന്ന് നോക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

‘ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണം. അത് പൂര്‍വ്വികര്‍ കാണിച്ചുതന്നതാണ്. പരിഹാസങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ലതിനെന്ന് വിചാരിക്കണം. സുന്നത്ത് ജമാഅത്തിന്‍റെ വേദിയില്‍ കുത്തുവാക്കുകള്‍ ഉപയോഗിക്കരുത്. ദ്വയാര്‍ത്ഥങ്ങള്‍ പ്രയോഗിക്കരുത്. ആരെങ്കിലും ക്ഷണിച്ചാല്‍ പോകുക, തരുന്നത് ഭക്ഷിക്കുക. കുഴിമന്തി തന്നെ വേണം എന്ന് പറയരുത്. ആരെയും വെറുപ്പിക്കേണ്ടതില്ല’, എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

നേരത്തെ ക്രിസ്മസ് ദിനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുമെന്ന് സന്ദര്‍ശനത്തിന് ശേഷം തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായി തങ്ങള്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദര്‍ശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രതികരണം. മുസ്ലിം ലീ?ഗ് നേതാക്കളായ ഡോ. എം കെ മുനീര്‍ എംഎല്‍എ, ഉമര്‍ പാണ്ടികശാല, പി ഇസ്മായില്‍, ടിപിഎം ജിഷാന്‍, എന്‍ സി അബൂബക്കര്‍ എന്നിവരും സാദിഖലി തങ്ങള്‍ക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍ ഇതര മതങ്ങളുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന വിമര്‍ശനവുമായി അബ്ദുല്‍ ഹമീദ് ഫൈസി രംഗത്തെത്തി. ഇതാണ് ചര്‍ച്ചയായത്. ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *