പോർച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിക്കാൻ ക്ഷണം ലഭിച്ചാലോ? ആരും കൊതിക്കുന്നൊരു സ്വപ്നമാണ് അത്.
എന്നാല്‍ അങ്ങനെ ഒരു ക്ഷണം ലഭിച്ചാല്‍ നിരസിക്കണം എന്ന് പറഞ്ഞാലോ? മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പ്രതിരോധനിര താരം പാട്രിക് ഇവ്ര ആണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ക്രിസ്റ്റ്യാനോയുടെ ഫിറ്റ്നസ് നിലനിർത്താൻ വേണ്ടിയുള്ള കഠിനാധ്വാനത്തിലേക്കാണ് ഈ മുൻ ഫ്രഞ്ച് താരം വിരല്‍ചൂണ്ടുന്നത്. ഫിറ്റ്നസ് നിലനിർത്താൻ ജിമ്മിലെ വർക്ക്‌ഔട്ട് മാത്രമല്ല, ഭക്ഷണക്രമത്തിന്റെ കാര്യത്തിലും ക്രിസ്റ്റ്യാനോയ്ക്ക് വിട്ടുവീഴ്ച്ചയില്ല.
121 മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയ്ക്കൊപ്പം കളിച്ച താരമാണ് ഇവ്ര. ക്രിസ്റ്റ്യാനോയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന്റെ അനുഭവം ഫ്രഞ്ച് താരം റഷ്യൻ ലോകകപ്പിന്റെ സമയത്താണ് വെളിപ്പെടുത്തുന്നത്. അത് ഇപ്പോള്‍ വീണ്ടും ആരാധകർക്കിടയില്‍ ചർച്ചയാവുകയാണ്. ഞാൻ നിങ്ങള്‍ക്കൊരു ഉപദേശം നല്‍കാം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉച്ചഭക്ഷണം കഴിക്കാൻ വിളിച്ചാല്‍ നോ പറയുക. ഭക്ഷണം അല്ല അവിടെ പ്രശ്നം. അവിടെ ക്രിസ്റ്റ്യാനോയ്ക്കൊപ്പം നമ്മള്‍ ചെയ്യേണ്ടി വരുന്ന പരിശീലനം ആണ് വിഷയം.
പരിശീലനത്തിന് ശേഷം എന്നെ ക്രിസ്റ്റ്യാനോ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു.ഞാൻ വളരെ ക്ഷീണിതനായിരുന്നു. ഭക്ഷണമേശയില്‍ സാലഡും വൈറ്റ് ചിക്കനും വെള്ളവും മാത്രമാണ് ഉണ്ടായിരുന്നത്. ജ്യൂസ് പോലും ഉണ്ടായില്ല. ഞങ്ങള്‍ ഭക്ഷണം കഴിക്കാൻ തുടങ്ങി. സാലഡ് കഴിച്ച് കഴിയുമ്ബോഴേക്കും കൂടുതല്‍ മാംസ ഭക്ഷണങ്ങള്‍ വരും എന്നാണ് ഞാൻ കരുതിയത്. എന്നാല്‍ ഒന്നും വന്നില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ക്രിസ്റ്റ്യാനോ വീണ്ടും പന്തുകൊണ്ട് പരിശീലനം നടത്താൻ തുടങ്ങി. പിന്നാലെ സ്വിമ്മിങ്ങിന് പോകാൻ ക്രിസ്റ്റ്യാനോ എന്നെ ക്ഷണിച്ചു. അവിടം കൊണ്ടും പരിശീലനം തീർന്നില്ല, മുൻ ഫ്രഞ്ച് താരം പറയുന്നു.
നമ്മള്‍ എന്തിനാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത് എന്ന് ഞാൻ ക്രിസ്റ്റ്യാനോയോട് ചോദിച്ചു. നാളെ എന്തെങ്കിലും മത്സരമുണ്ടോ എന്ന് ചോദിച്ചു. ഇതുകൊണ്ടാണ് ഞാൻ എല്ലാവരോടും പറയുന്നത ക്രിസ്റ്റ്യാനോ ഉച്ചഭക്ഷണം കഴിക്കാൻ വിളിച്ചാല്‍ നോ പറയുക എന്ന്. കാരണം ക്രിസ്റ്റ്യാനോ ഒരു മെഷീൻ പോലെയാണ് പ്രവർത്തിക്കുന്നത്. എല്ലായ്പ്പോഴും ക്രിസ്റ്റ്യാനോയ്ക്ക് പരിശീലനം നടത്തിക്കൊണ്ടിരിക്കണം. ഈ നേട്ടങ്ങളിലേക്ക് എല്ലാം ക്രിസ്റ്റ്യാനോ എത്തിയതിന് പിന്നില്‍ ഈ വിട്ടുവീഴ്ചയില്ലാത്ത പരിശീലനമാണ്. ഈ നേട്ടങ്ങളെല്ലാം ക്രിസ്റ്റ്യാനോ അർഹിക്കുന്നതാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിലെ ക്രിസ്റ്റ്യാനോയുടെ മുൻ സഹതാരം പറയുന്നു.
ക്രിസ്റ്റ്യാനോയുടെ ഈ ഫിറ്റ്നസാണ് പ്രായം മുപ്പതുകളില്‍ നില്‍ക്കുമ്ബോഴും താരത്തെ വേറിട്ട് നിർത്തുന്നത്. കരിയറില്‍ ക്ലബിനായും ദേശിയ ടീമിനായും ക്രിസ്റ്റ്യാനോ അടിച്ചുകൂട്ടിയ ഗോളുകള്‍ 916ല്‍ എത്തി നില്‍ക്കുന്നു. നിലവില്‍ അല്‍ നസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ 83 മത്സരങ്ങളില്‍ നിന്ന് 74 വട്ടമാണ് ഗോള്‍വല കുലുക്കിയത്. 18 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.
2024-25 സീസണില്‍ 12 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ ഇതുവരെ സൌദി ലീഗില്‍ കളിച്ചത്. അടിച്ചത് 10 ഗോളും രണ്ട് അസിസ്റ്റും.ഈ വർഷം എഎഫ്സി ചാംപ്യൻസ് ലീഗില്‍ നാല് കളിയില്‍ നിന്ന് നാല് ഗോളും ക്രിസ്റ്റ്യാനോ അക്കൌണ്ടിലാക്കി. സൂപ്പർ കപ്പില്‍ രണ്ട് കളിയില്‍ നിന്ന് രണ്ട് ഗോളും.