വധശ്രമക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോവിഡ് കെയർ സെൻ്ററില്‍ കഴിയുന്നതിനിടെ രക്ഷപ്പെട്ട വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതി നാല് വർഷത്തിന് ശേഷം അറസ്റ്റിലായി.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദം ഖാൻ (24) ആണ് അറസ്റ്റിലായത്. കോവിഡ് കൊടുമ്ബിരികൊണ്ടിരിക്കെ 2020 സെപ്തംബർ 29 ന് രാത്രിയില്‍ നീലേശ്വരം പടന്നക്കാട് കോവിഡ് കെയർ സെൻ്ററില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
കേന്ദ്രത്തിൻ്റെ ജനല്‍ തകർത്ത് ആദം ഖാൻ രക്ഷപ്പെടുകയായിരുന്നു. മുസ്ലീം ലീഗ് പ്രവർത്തകനായ ഉപ്പളയിലെ മുസ്ത്വഫയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിലെ പ്രതികളിലൊരാളായിരുന്നു. 2019 ഡിസംബർ 26ന് ലീഗ് പ്രവർത്തകന് നേരെ കൊലപാതകശ്രമം നടത്തിയെന്നാണ് കേസ്. ഇയാള്‍ നിരവധി വാറന്റ് കേസുകളിലും പ്രതിയാണ്.
കൊലപാതക ശ്രമത്തിന് ശേഷം ആദം ഖാനും കൂട്ടാളി നൗശാദും രക്ഷപ്പെട്ടിരുന്നു. കാസർകോട് ഡിവൈഎസ്പി ആയിരുന്ന പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതി നടപടികള്‍ക്ക് ശേഷം ആദം ഖാനെ കോവിഡ് കെയർ സെൻ്ററില്‍ പാർപ്പിക്കുകയായിരുന്നു. കോവിഡ് കെയർ സെൻ്ററിന്റെ രണ്ടാം നിലയിലെ ജനല്‍ വഴി താഴെയിറങ്ങിയാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന് ശേഷം ഇയാളെ കണ്ടെത്താനും പിടികൂടാനുമായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല.
കോവിഡ് കെയർ സെൻ്ററിന്റെ നിന്ന് രക്ഷപ്പെട്ട ശേഷം കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിന് ശേഷം കേരളത്തിലെ ചില കേന്ദ്രങ്ങളിലും ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നു. ഈ മൂന്ന് സംസ്ഥാങ്ങളിലായി വധശ്രമം, മോഷണം കഞ്ചാവ് വില്‍പന തുടങ്ങിയ നിരവധി കേസുകള്‍ ആദം ഖാന്റെ പേരിലുണ്ട്.
വർഷങ്ങളായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി ചൊവ്വാഴ്ച രഹസ്യമായി കൈക്കമ്ബയിലെ വീട്ടില്‍ വന്ന വിവരം അറിഞ്ഞ് വീട് വളഞ്ഞാണ് സാഹസികമായി പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിർദേശ പ്രകാരം കാസർകോട് ഡിവൈഎസ്‌പി സികെ സുനില്‍ കുമാർ, മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂബ് കുമാർ, എസ്‌ഐ രതീഷ് ഗോപി, സിപിഒമാരായ വിജയൻ, കെ എം അനീഷ് കുമാർ, എം സന്ദീപ്, സി എച് ഭക്ത ശൈല്‍വൻ എന്നിവർ ചേർന്നാണ് ആദം ഖാനെ പിടികൂടിയത്. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.