കോഴിക്കോട് ലോഡ്ജിലെ യുവതിയുടെ കൊലപാതകം ; പ്രതി ഉപയോഗിച്ചിരുന്നത് സുഹൃത്തിന്റെ കാറെന്ന് പൊലീസ് കണ്ടെത്തി

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. പ്രതി അബ്ദുല്‍ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി.

വാടകയ്‌ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജില്‍ എത്തിയതും പിന്നീട് മുങ്ങിയതും. സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന സൂചന കിട്ടിയത്. ഇതോടെ നേരത്തെ അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത പൊലീസ് കൊലപാതത്തിന് അബ്ദുള്‍ സനൂഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അബ്ദുല്‍ സനൂഫാണ് യുവതിക്കൊപ്പം ലോഡ്ജില്‍ മുറി എടുത്തത്. ഇരുപത്തഞ്ചാം തിയതി രാത്രി ലോഡ്ജില്‍ നിന്ന് പോയതാണ് അബ്ദുള്‍ സനൂഫ്. ഇയാള്‍ ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്ബരും വ്യാജമാണെന്ന് പൊലീസ് അന്വേഷത്തില്‍ വ്യക്തമായതാണ്.

പ്രതി ഇതരസംസ്ഥാനത്തേക്ക് കടന്നെന്നാണ് പൊലീസ് നിഗമനം. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്. ഇയാള്‍ ഉപയോഗിച്ച കാര്‍ പാലക്കാട് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തൃശൂര്‍ തിരുവില്ലാമല സ്വദേശിയാണ് അബ്ദുള്‍ സനൂഫ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *