കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം: വിതരണക്കാരുമായുള്ള ചർച്ചയിൽ തീരുമാനമായില്ല

കോഴിക്കോട്:* കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് പ്രതിസന്ധിയിൽ വിതരണക്കാരുമായുള്ള ചർച്ചയിൽ തീരുമാനമായില്ല. കുടിശ്ശിക നൽകാതെ മരുന്ന് വിതരണം തുടരാനാകില്ലെന്ന് വിതരണക്കാർ മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചു. ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്കടക്കമുള്ള 150 അവശ്യമരുന്നുകൾ കാരുണ്യ വഴി നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

മരുന്ന് വിതരണം നിലച്ച് ഒൻപത് ദിവസം പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് വിതരണക്കാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നില്ല. ഇന്ന് വൈകീട്ട് വിതരണക്കാരെ പ്രിൻസിപ്പലും സൂപ്രണ്ടും ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. മാനുഷിക പരിഗണന നൽകി മരുന്ന് വിതരണം തുടരണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ഒക്ടോബർ വരെ കുടിശ്ശികയുള്ള 30 കോടി രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ മുന്നോട്ടു പോകാനാകൂ എന്ന് വിതരണക്കാർ അറിയിച്ചു.

ഡയാലിസിസ് കാൻസർ രോഗങ്ങൾക്കുളള അവശ്യ മരുന്നുകൾ കൂടി കുറച്ച് ദിവസമായി പുറത്ത് നിന്നാണ് രോഗികൾ വാങ്ങുന്നത്. 150 അവശ്യമരുന്നുകൾ അത്യാവശ്യമായി കാരുണ്യ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുമായി നടക്കുന്ന പ്രിൻസിപ്പൽമാരുടെയും സൂപ്രണ്ടുമാരുടെയും യോഗത്തിൽ ആശുപത്രിയിലെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യപ്പെടും. ഈ യോഗത്തിന് ശേഷം കുടിശ്ശിക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിതരണക്കാർ.

Leave a Reply

Your email address will not be published. Required fields are marked *