കോപ്പ അമേരിക്കയില്‍ സെമി ഫൈറ്റ്

അർജന്‍റീന x കാനഡ ന്യൂജഴ്സി: കോപ്പ അമേരിക്കയില്‍ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്‍റീന സെമിയില്‍ നേരിടുന്നത് കാനഡയെ.

ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30ന് ന്യൂ ജഴ്സിയിലാണ് മത്സരം. അർജന്‍റീനയും കാനഡയും രണ്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും അർജന്‍റീനയ്ക്കായിരുന്നു ജയം.

നിലവിലെ ഫോമില്‍ അർജന്‍റീനയ്ക്ക് കാനഡ അത്ര വലിയ എതിരാളികള്‍ അല്ലെന്നു തന്നെ പറയാം. കോപ്പ അമേരിക്ക 2024ല്‍ ഒരേ ഗ്രൂപ്പിലായിരുന്നു അർജന്‍റീനയും കാനഡയും. ആ മത്സരത്തില്‍ അർജന്‍റീനയുടെ മികവിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ കാനഡ എതിരില്ലാത്ത രണ്ടു ഗോളിനു മത്സരം അടിയറവു വച്ചു. ലയണല്‍ മെസി തിരിച്ചെത്തിയതോടെ അർജന്‍റീനയുടെ മികവ് കൂടുതല്‍ ഉയരും. ലൗതാരോ മാർട്ടിനസിന്‍റെ ഗോളടി മികവിലാണ് അർജന്‍റീനയുടെ പ്രതീക്ഷകള്‍. നാലു കളിയില്‍ നാലു ഗോളുമായി ടൂർണമെന്‍റില്‍ ഒന്നാം സ്ഥാനത്താണ്. ഗോളി എമിലിയാനോ മാർട്ടിനസിന്‍റെ മികവും അർജന്‍റീനയെ കൂടുതല്‍ കരുത്തരാക്കുന്നു.

ഗ്രൂപ്പ് എയില്‍ ഗോളൊന്നും വഴങ്ങാതെ മൂന്നും ജയിച്ച്‌് ക്വാർട്ടറിലെത്തിയ അർജന്‍റീനയുടെ അടഞ്ഞ വല ക്വാർട്ടറില്‍ ഇക്വഡോർ കുലുക്കി. മികച്ച ഗോള്‍ അവസരങ്ങള്‍ ഉണ്ടെങ്കിലും അത് ഗോളാക്കാനാവത്തതാണ് അർജന്‍റീനയ്ക്കു തിരിച്ചടിയാകുന്നത്.

അരങ്ങേറ്റം ചരിത്രമാക്കാൻ കാനഡ

കോപ്പ അമേരിക്കയിലേക്ക് ആദ്യമായെത്തിയ കാനഡ അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ സെമിയിലെത്തി ചരിത്രംകുറിച്ചു. അർജന്‍റീന, ചിലി, പെറു എന്നീ ശക്തർ ഉള്‍പ്പെടുന്ന ഗ്രൂപ്പിലായിരുന്നു. ഈ ഗ്രൂപ്പില്‍ അർജന്‍റീനയോട് തോറ്റെങ്കിലും ചിലിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയും പെറുവിനെ തോല്‍പ്പിച്ചും രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയെത്തിയ വെനസ്വേലയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സെമിയിലേക്കു മുന്നേറിയത്. ആദ്യംതന്നെ ഗോള്‍ നേടി മികച്ച പ്രതിരോധത്തിലൂടെ എതിരാളികളെ തടയുന്ന കളിയാണ് കാനഡ കാഴ്ചവയ്ക്കുന്നത്.

കൊളംബിയ-ഉറുഗ്വെ

നോർത്ത് കരോളൈന: തുടർച്ചയായി ഇരുപത്തേഴു മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഹാമിഷ് റോഡ്രിഗസ് നയിക്കുന്ന കൊളംബിയയും മികച്ച പ്രകടനം തുടരുന്ന ഉറുഗ്വെയും ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 5.30ന് നോർത്ത് കരോളൈനയിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. കഴിഞ്ഞ അഞ്ചു കളിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരെണ്ണത്തില്‍ ഉറുഗ്വെ ജയിച്ചു. നാലെണ്ണം സമനിലയായി.

തോല്‍ക്കാതെ കൊളംബിയ

തോല്‍വി അറിയാതെയുള്ള കുതിപ്പ് കിരീടത്തിലെത്തിക്കാനുള്ള പ്രകടനമാണ് കൊളംബിയ നടത്തുന്നത്. 2001നുശേഷം ഒരു കിരീടമാണ് കൊളംബിയ ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഡിയില്‍ ബ്രസീലിനെ മറികടന്ന് ഒന്നാം സ്ഥാനക്കാരായ കൊളംബിയയുടെ മുന്നേറ്റങ്ങള്‍ക്ക് ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസാണ് ചുക്കാൻ പിടിക്കുന്നത്. നാലു കളിയില്‍ ഒരു ഗോളും അഞ്ച് അസിസ്റ്റുമാണ് മധ്യനിര താരത്തിന്‍റെ സംഭാവന. ജോണ്‍ കൊഡോബ, ഡേവിഡ് ഡിയസ്, ഡാനിയല്‍ മുനോസ് എന്നിവരാണ് ഗോളടിയില്‍ കൊളംബിയയുടെ മുന്നിലുള്ളത്.

ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നല്‍കുകയും ചെയ്ത റോഡ്രിഗസിന്‍റെ മികവില്‍ ക്വാർട്ടറില്‍ പാനമയെ 0-5നാണ് കൊളംബിയ തകർത്തത്. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ നോക്കൗട്ട് മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളിനു പങ്കാളിയാകുന്ന ആദ്യത്തെ കളിക്കാനാണ് റോഡ്രിഗസ്.

ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് താരത്തില്‍നിന്നുണ്ടായത്. കോപ്പയില്‍ നോക്കൗട്ട് മത്സരത്തിന്‍റെ ആദ്യ 15 മിനിറ്റില്‍ ഗോള്‍ നേടുകയും അസിസ്റ്റ് നല്‍കുകയും ചെയ്ത രണ്ടാമത്തെയാളാണ് റോഡ്രിഗസ്. എട്ടാം മിനിറ്റില്‍ റോഡ്രിഗസ് കോർണറില്‍നിന്നു നല്‍കിയ ക്രോസില്‍ ജോണ്‍ കൊഡോബ വലകുലുക്കി. 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോഡ്രിഗസ് ലീഡ് ഉയർത്തി. 41-ാം മിനിറ്റില്‍ ലൂയിസ് ഡിയസും വലകുലുക്കി. റിക്കാർഡോ റിയോസ് (70′), മിഗ്വെല്‍ ബോർഹ (90+4 പെനാല്‍റ്റി) എന്നിവരാണ് മറ്റ് സ്കോർമാർ.

കിരീടത്തിനായി ഉറുഗ്വെ

2024 കോപ്പ അമേരിക്ക ജേതാക്കളാകുമെന്ന് കരുതുന്ന ടീമുകളില്‍ ഒന്നാണ് ഉറുഗ്വെ. ഫേവറിറ്റുകള്‍ക്കു ചേർന്ന പ്രകടനമാണ് ടീം ഇതുവരെ പുറത്തെടുത്തത്.

മികച്ച കളിക്കാരുമായി ഇറങ്ങിയ ഉറുഗ്വെ ഗ്രൂപ്പിലെ മൂന്നും ജയിച്ച്‌ പെർഫെക്ടായിട്ടാണ് ക്വാർട്ടറിലേക്കു മുന്നേറിയത്. ഡാർവിൻ നൂനസും മാക്സ്മില്യാനോ അരോഹോയും രണ്ടു ഗോള്‍ വീതം നേടിയ ടീമിന്‍റെ ഗോളടിയില്‍ മുൻപന്തിയിലുണ്ട്. ക്വാർട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തകർത്തെത്തിയ ഉറുഗ്വെ 2011നുശേഷം കോപ്പയില്‍ മുത്തമിടാനാണിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *