സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം ഗാലറിക്കരികിലെത്തി കൊളംബിയയുടെ ആരാധകരെ നേരിട്ട ഉറുഗ്വായ്ക്ക് കളത്തില്‍ ഒരു പോരാട്ടംകൂടി ബാക്കിയുണ്ട്.
ഷാർലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ കോപ അമേരിക്ക ലൂസേഴ്സ് ഫൈനലില്‍ കാനഡയാണ് ഉറുഗ്വായുടെ എതിരാളികള്‍. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 5.30നാണ് മത്സരം. കഴിഞ്ഞ ദിവസം കൊളംബിയക്കെതിരായ സെമി ഫൈനലിന് ശേഷം കൈയാങ്കളിയും കഴിഞ്ഞാണ് ഉറുഗ്വായ് താരങ്ങള്‍ പിരിഞ്ഞുപോയത്. ഏഴ് മഞ്ഞക്കാർഡും ഒരു ചുവപ്പു കാർഡുമാണ് മത്സരത്തില്‍ റഫറി പുറത്തെടുത്തത്. ചീത്തവിളിയും ഷൂ ഏറും മത്സരശേഷവും നടന്നു. ഉറുഗ്വായ് താരങ്ങള്‍ക്കെതിരെ സൗത്ത് അമേരിക്കൻ ഫുട്ബാള്‍ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേവേദിയിലാണ് നാളെ ലൂസേഴ്സ് ഫൈനല്‍.
ഫിഫ റാങ്കിങ്ങില്‍ 14ാം സ്ഥാനമാണ് ഉറുഗ്വായ്ക്ക്. പരിക്ക് കാരണം റൊണാള്‍ഡ് അരൗയോ കളിക്കില്ല. റോഡ്രിഗോ ബെന്റാൻകർക്കും പരിക്കുണ്ട്. ബാഴ്സലോണയുടെ സെന്റർ ബാക്കായ അരൗയോവിന് പേശികള്‍ക്ക് പരിക്കാണ്. ബെന്റാൻകർ കൊളംബിയക്കെതിരായ സെമിയില്‍ ആദ്യപകുതിയില്‍ പരിക്കേറ്റ് മടങ്ങിയിരുന്നു. ഗ്വില്ലർമോ വരേലയും നികോളാസ് ഡി ലാക്രൂസും സസ്പെൻഷനിലാണ്. അടിയുണ്ടാക്കിയ ഡാർവിൻ നുനസിന് ഫൈനലിന് തൊട്ടുമുമ്ബ് സസ്പെൻഷന് സാധ്യതയേറെയാണ്. നുനസ് ഇല്ലെങ്കില്‍ ടീമിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായ ലൂയി സുവാരസിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കും. റൈറ്റ് ബാക്ക് നഹിതാൻ നാൻഡസ് സസ്പെൻഷന് ശേഷം ലൂസേഴ്സ് ഫൈനലില്‍ കളിക്കും.
ക്യാപ്റ്റൻ അല്‍ഫോൻസോ ഡേവിസ്, ജൊനാഥൻ ഡേവിഡ്, റിച്ചി ലാർയെ തുടങ്ങിയ പ്രമുഖർ കാനഡ നിരയിലുണ്ട്. പരിക്കിന്റെ സങ്കടമൊന്നും ടീമിലില്ല.