കോണ്‍ഗ്രസ് സഖ്യം വെറുതെ സ്വപ്നം കാണേണ്ട: നിയമസഭ തിരഞ്ഞെടുപ്പ് ഞങ്ങള്‍ തൂത്തുവാരുമെന്ന് ബിജെപി

 വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ മഹായുതി (ഏകനാഥ് ഷിൻഡെയുടെ ശിവസേന, ബി ജെ പി, അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി) സഖ്യം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

“മഹായുതി സഖ്യത്തിലൂടെ ജനങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചു. നിയമസഭയില്‍ ഞങ്ങള്‍ക്ക് വെല്ലുവിളിയായിരുന്ന കാര്യങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കും. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവർത്തിച്ച അതേ ഘടകങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രവർത്തിക്കുമെന്ന് പ്രതിപക്ഷം കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളില്‍ ഒമ്ബതെണ്ണം ബി ജെ പി നേടിയപ്പോള്‍, സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 7 സീറ്റും ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിക്ക് (എൻസിപി) ഒരു സീറ്റുമാണ് നേടാന്‍ സാധിച്ചത്.

മറുവശത്ത്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു ബി ടി) ഏഴ് സീറ്റുകള്‍ നേടിയപ്പോള്‍, മറ്റ് സഖ്യകക്ഷികളായ എൻ സി പി (എസ്പി) എട്ട് സീറ്റുകളും കോണ്‍ഗ്രസ് 13 സീറ്റുകളും നേടി വലിയ മുന്നേറ്റമായിരുന്നു കാഴ്ച വെച്ചത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ വ്യത്യസ്തമായ രീതിയാണ് ഞങ്ങള്‍ കണ്ടത്, നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ആവർത്തിക്കില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അവകാശപ്പെടുന്നു.

ശിവസേനയും എൻ സി പിയും ചില സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ, വ്യാജ പ്രചരണം കാരണം ഞങ്ങളുടെ പ്രതിപക്ഷത്തിന് നേട്ടമുണ്ടായി. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ഘടകങ്ങള്‍ പ്രവർത്തിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ സി പിക്ക് വോട്ട് ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹായുതി സഖ്യത്തിൻ്റെ ശക്തി കേന്ദ്രം പ്രതിപക്ഷം മനസ്സിലാക്കിയതിനാല്‍ തന്നെ ലക്ഷ്യമിടുന്നതായും ദേവന്ദ്ര ഫഡ്നാവിസ് പറഞ്ഞു. “നമ്മുടെ പ്രതിപക്ഷ പാർട്ടികള്‍ക്ക് 50 വർഷത്തെ അനുഭവപരിചയമുള്ള നേതാക്കളുണ്ട്. മഹായുതിയുടെ ശക്തികേന്ദ്രം എവിടെയാണെന്ന് അവർക്കറിയാം. ആരെയാണ് ലക്ഷ്യമിടേണ്ടതെന്നും അവർക്കറിയാം. ഉദ്ധവ് താക്കറെയെ മാത്രമാണ് ഞാൻ വിമർശിച്ചതെങ്കിലും കോണ്‍ഗ്രസും എൻ സി പിയും (എസ്പി) അവർക്കറിയാവുന്നതുപോലെ എന്നെ കൂടുതല്‍ ലക്ഷ്യമിട്ടു. സഖ്യത്തിലുള്ള മൂന്ന് പാർട്ടികളില്‍ ബിജെപിക്ക് കൂടുതല്‍ ശക്തിയുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *