കോണ്‍ഗ്രസ് പ്രാദേശികനേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. മുൻനേതാവിന് അഞ്ചുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ.
കരുവാറ്റ തൈച്ചിറ വീട്ടില്‍ കണ്ണനെ (പ്രിൻസ്ലാല്‍-39) ആണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. കോണ്‍ഗ്രസ് നേതാവ് കരുവാറ്റ ചങ്ങലേത്ത് വീട്ടില്‍ ജയദേവനാണ് കുത്തേറ്റത്.
2015-ല്‍ തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപം 2015 നവംബർ 30-നായിരുന്നു സംഭവം. തലയിലും കൈക്കും കുത്തേറ്റ ജയദേവൻ ഏറെനാള്‍ ചികിത്സയിലായിരുന്നു. കണ്ണൻ ഒട്ടേറെ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രോസിക്യൂഷനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി.