തിരുവനന്തപുരം:
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇടയില്‍ തര്‍ക്കം രൂക്ഷമെന്നാണ് വിലയിരുത്തല്‍
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷം. അത് സംബന്ധിച്ച അടിയന്തര ഇടപെടലിനൊരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. കേരളത്തിൻ്റെ ചുമതല എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് കൈമാറും. ഇതിന് പുറമെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയെ കണ്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇടയില്‍ തര്‍ക്കം രൂക്ഷമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ദീപാദാസ് മുന്‍ഷി സമവായ ചര്‍ച്ചകള്‍ തുടരും. വിഡി സതീശനും കെ സുധാകരനും സംയുക്ത വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്നാണ് വിവരം. ഐക്യസന്ദേശം നല്‍കാനായി കെപിസിസിയില്‍ നടത്താന്‍ എഐസിസി നിര്‍ദേശിച്ച സംയുക്തവാര്‍ത്താ സമ്മേളനം നടന്നിരുന്നില്ല.
ജനുവരി 9 ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതയെക്കുറിച്ചും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ എ പി അനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ആരുടെ അനുമതിയോടെയും പിന്തുണയോടെയുമാണ് സര്‍വ്വെ നടത്തിയതെന്ന് എ പി അനില്‍ കുമാര്‍ ചോദിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. മറ്റ് നേതാക്കളൊന്നും ഈ ചര്‍ച്ചയില്‍ പക്ഷം ചേര്‍ന്നില്ലെങ്കിലും രഹസ്വസര്‍വ്വെ കോണ്‍ഗ്രസില്‍ വിവാദമായിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്ഡറ് ഹൗസ് സാധാരണക്കാരുടെ അഭയകേന്ദ്രമാകുന്നില്ലെന്ന് ശൂരനാട് രാജശേഖരന്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് അത്തരം വ്യക്തിപരമായ വിമര്‍ശനങ്ങള്‍ വേണ്ടെന്ന് കെ സി വേണുഗോപാല്‍ വിലക്കുകയായിരുന്നു.