കോണ്‍ഗ്രസിന്റെ കള്ളപ്പണ ഇടപാട് സിപിഎമ്മില്‍ ഭിന്നത; എന്‍.എന്‍. കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി

കോണ്‍ഗ്രസിന്റെ കള്ളപ്പണ ഇടപാടിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. മുന്‍ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എന്‍.എന്‍.

കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി രംഗത്ത്. ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നത് പാര്‍ട്ടികളല്ല പോലീസാണ് നോക്കേണ്ടതെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും വികസനവുമാണ് ചര്‍ച്ചചെയ്യേണ്ടതുമെന്നുമാണ് എന്‍.എന്‍. കൃഷ്ണദാസ് പറഞ്ഞത്. പാലക്കാട് പറക്കുന്നത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുന്‍എംഎല്‍എ എ.എം. നാരായണന്‍ അനുസ്മരണ ചടങ്ങിലാണ് പാര്‍ട്ടിയെ തള്ളികൊണ്ട് കൃഷ്ണദാസ് നിലപാട് വ്യക്തമാക്കിയത്.

ട്രോളി ബാഗില്‍ കേസെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടരുതെന്ന് എന്‍.എന്‍. കൃഷ്ണദാസ് തുറന്നടിച്ചത്. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ലെന്നും എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു.

കൃഷ്ണദാസിന്റെ പ്രസ്താവന ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബുവിനെ ചൊടിപ്പിച്ചെന്ന് മാത്രമല്ല അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. കള്ളപ്പണ ആരോപണത്തില്‍ പാര്‍ട്ടി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും, കൃഷ്ണദാസ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്‌ തനിക്കറിയില്ലെന്നും, അത് അദ്ദേഹത്തോടെ ചോദിക്കണമെന്നുമാണ് സുരേഷ്ബാബുവിന്റെ പ്രതികരണം. കള്ളപ്പണ വിഷയം കഴമ്ബില്ലാത്തതാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണത്തിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ വിളിക്കുമെന്നാണ് കരുതുന്നത്, ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

സിപിഎമ്മിലെ ഭിന്നത കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരിക്കുകയാണ്. ഇതുവരെയായും പോലീസ് കള്ളപ്പണ ഇടപാട് സംബന്ധിച്ച്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനിടെ ഇക്കഴിഞ്ഞ ആറിന് നഗരത്തിലെ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് കളക്ടര്‍ എസ്. ചിത്ര അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ജില്ലാ കളക്ടര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട പരാതി അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി പോലീസിന് കൈമാറിയിട്ടുണ്ട് . തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *