കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ഓടിത്തുടങ്ങുമെന്ന് എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
മെമു ഏഴാം തീയതി മുതല്‍ ഓടിത്തുടങ്ങുമെന്നാണ് അറിയിച്ചത് .എന്നാല്‍ അന്തിമതീരുമാനമായില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. വേണാട്, പാലരുവി എക്സ് പ്രസുകളിലെ തിരക്ക് ഒഴിവാക്കാന്‍ ഇതിനിടയിലുള്ള സമയത്താകും മെമു ഓടുക.
രാവിലെ 6.15-ന് കൊല്ലത്തുനിന്ന് ആരംഭിച്ച് കോട്ടയംവഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തുന്ന വിധത്തിലാണ് സര്‍വീസ്. തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സ്പെഷ്യല്‍ മെമു സര്‍വീസ്. ഒക്ടോബര്‍ ഏഴുമുതല്‍ ജനുവരി മൂന്നുവരെ സ്‌പെഷല്‍ സര്‍വീസായാണ് മെമു അനുവദിച്ചത്. ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാകും സര്‍വീസ്. എട്ട് കാര്‍ മെമുവാണ് അനുവദിച്ചത്.
കോട്ടയം പാതയില്‍ എറണാകുളം ഭാഗത്തേക്ക് തൂത്തുക്കുടി- പാലക്കാട് പാലരുവി എക്‌സ്പ്രസ്, തിരുവനന്തപുരം- ഷൊര്‍ണൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ രാവിലെയുള്ള വലിയ തിരക്കിന് ഇതോടെ പരിഹാരമാകും. വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷന്‍ ഒഴിവാക്കിയതോടെ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്കും ഗുണകരമാകും.