കോടികളുടെ ചിട്ടി തട്ടിപ്പ്: കുറി ഉടമയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് ഇരകൾ

മലപ്പുറം കൂരിയാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാരാട്ട് കുറീസ് ഉടമകൾ കോടികളുമായി മുങ്ങിയതായി പരാതി. വിവിധ ജില്ലകളിലെ 14 ശാഖകളിൽ നിന്ന് സമാഹരിച്ച തുകയുമായി മുങ്ങിയ ഉടമകളെ പിടികൂടി നിയമ നടപടി സ്വീകരിക്കണമെന്നും ഓരോരുത്തർക്കും നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾക്കും പോലീസ് മേധാവികൾക്കും നിവേദനം നൽകുമെന്നും ഈ മാസം 27ന് നിലമ്പൂരിലുള്ള എം.ആർ ശ്രീജിതിൻ്റെ വീട്ടിലേക്ക് ഇരകൾ മാർച്ച് നടത്തുമെന്നും തൃത്താല മേഖലയിൽ പണം നഷ്ടപ്പെട്ടവർ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലമ്പൂർ കാരാട്ട് കുറീസ്, ധനക്ഷേമനിധി സ്ഥാപനങ്ങളുടെ എം.ഡി പാലമോട് സന്തോഷ്, ഡയറക്ട‌ർ പി.മുബഷിർ, എം.ആർ ശ്രീജിത് എന്നിവർ രാജ്യം വിട്ടു പോവാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കണമെന്നും തൃത്താല മേഖലയിൽ പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കാരാട്ട് കുറീസിന്റെ 14 ശാഖകളിൽ ചിട്ടിയിൽ ചേർന്നവർ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. ധനക്ഷേമ നിധിയിൽ സ്ഥിരനിക്ഷേപം നടത്തിയവരും കബളിക്കപ്പെട്ടു. നിലമ്പൂർ മേഖലയിൽ മാത്രം നിക്ഷേപകർ, ജീവനക്കാർ എന്നിവരിൽ നിന്ന് 600 പരാതികൾ ലഭിച്ചിട്ടുണ്ട്. തൃത്താല മേഖലയിലും നൂറുകണക്കിന് വ്യാപാരികൾ ഉൾപ്പെടെ വഞ്ചിതരായിട്ടുണ്ട്.
നവം.19ന് അർധരാത്രിക്കു ശേഷമാണ് പ്രതികൾ രേഖകളും പണവുമായി കാറിൽ കടന്നുകളഞ്ഞതെന്ന് അറിവായിട്ടുണ്ട്. അന്നു രാത്രി കാരാട്ട് കുറീസിലെ രണ്ടു പേർ കാറിലെത്തി സ്‌ഥാപനം തുറന്ന് രേഖകൾ കടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് മറ്റു ജീവനക്കാർ കൈമാറിയതായി അറിയുന്നുണ്ട്. തൃത്താല, കൂറ്റനാട് മേഖലകളിലുള്ള നൂറുകണക്കിന് വ്യാപാരികളും വീട്ടമ്മമാരും പട്ടാമ്പി ശാഖയിലാണ് പണമടച്ചിരുന്നത്.
19 മുതൽ സ്ഥാപനം തുറക്കുന്നില്ല.
കുറി കിട്ടിയവർ പണം കൈപ്പറ്റാൻ ചെന്നപ്പോഴാണ് കമ്പനി പൂട്ടിപ്പോയതായി അറിഞ്ഞത്. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നഷ്ടപ്പെട്ടവർ മലബാർ മേഖലയിലുണ്ട്. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് വിമുഖത കാട്ടുകയാണെന്നും പ്രത്യക്ഷ സമരത്തോടൊപ്പം നിയമനടപടി സ്വീകരിക്കാനാണ് കൂട്ടായ്മയുടെ
തീരുമാനമെന്നും ഇരകളുടെ പ്രതിനിധികളായ വി.പി നിഷാദ് ആലൂർ, വി.പി മുഹമ്മദ് ആഫിദ് വി.കെ കടവ്, ടി.പി ലാഗേഷ് പള്ളിപ്പുറം, സി.കെ അബ്ദുൽ കാദർ ആലൂർ, കെ.ഷെരീഫ്
മല റോഡ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *