കോടതിവിധി കേട്ട് ഞെട്ടിപ്പോയി, അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലാതാകുന്നത് എങ്ങനെയെന്ന് കുടുംബം

ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ ഏകപ്രതി സഞ്ജയ് റോയ്ക്ക് (34)​ മരണം വരെ ജീവപര്യന്തം ശിക്ഷയും അരലക്ഷം രൂപ പിഴയുമാണ് കൊൽക്കത്ത സിൽദാ അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്. എന്നാൽ പ്രതിക്ക് നൽകിയ ജീവപര്യന്തം ശിക്ഷയിൽ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട ഡോക്റുടെ കുടുംബം പറയുന്നു.

കേസിൽ നീതി
ലഭിക്കും വരെ പോരാടുമെന്നും നിരവധി കുറ്റവാളികൾ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും ഡോക്ടറുടെ മാതാപിതാക്കൾ പറഞ്ഞു,​. കേസിൽ നീതി തേടി മേൽക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി

കോടതി വിധി കേട്ട് ഞെട്ടിപ്പോയി. ഇത് എങ്ങനെയാണ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലാതാകുന്നതെന്ന് കുടുംബം ചോദിക്കുന്നു. ഡ്യൂട്ടിയിലുള്ള ഡോക്ടറാണ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കോടതിവിധി നിരാശപ്പെടുത്തുന്നതാണ്. കുറ്റകൃത്യത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. എല്ലാ കുറ്റവാളികളെയും നിയമത്തിന് പിന്നിൽ കൊണ്ടുവരുന്നതു വരെ പോരാട്ടം തുടരുമെന്നും മാതാപിതാക്കൾ പറഞ്ഞു.കോടതിവിധിയിൽ തൃപ്തിയില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വ്യക്തമാക്കിയിരുന്നു. ബംഗാൾ പൊലീസിൽ നിന്നും കേസ് ബോധപൂർവം സി.ബി.ഐക്ക് കൈമാറുകയായിരുന്നുലെന്നും മമത ആരോപിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഡോക്ടർമാരുടെ സംഘടനയും അറിയിച്ചു.വിധി കേൾക്കാൻ ഡോക്ടറുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്ന് ഇന്നും പ്രതി കോടതിയിൽ ആവർത്തിച്ചു. എന്നാൽ സഞ്ജയ് കുറ്റം ചെയ്തതായി തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. ഇത് അപൂർവങ്ങളിൽ അപൂർവമായിട്ടുള്ള ഒരു കേസല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.17 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നൽകണമെന്നും കോടതി പറഞ്ഞു. എന്നാൽ നഷ്ടപരിഹാരം വേണ്ടെന്നാണ് ഡോക്ടറുടെ കുടുംബം പ്രതികരിച്ചത്. പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. പ്രതിക്കെതിരെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് പറഞ്ഞ കോടതി പ്രതിക്ക് വധശിക്ഷ നൽകണമെന്ന വാദം തള്ളി.2024 ഓഗസ്റ്റ് ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ 31കാരിയായ പി ജി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്. ഡോക്‌ടർ ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നു. ഓഗസ്റ്റ് പത്തിനാണ് കേസിലെ പ്രതിയും കൊൽക്കത്ത പോലീസിന്റെ സിവിക് വോളന്റിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തത്.ഡോക്ടറുടെ മൃദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിന്റെ ഭാഗവും സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ജീവനക്കാരനല്ലാതിരുന്നിട്ടും ഡോക്‌ടർ ജോലി ചെയ്തിരുന്ന ആശുപത്രി ക്യാമ്പസിൽ ഇയാൾ പതിവായി എത്തിയിരുന്നു.2019ലാണ് കൊൽക്കത്ത പൊലീസിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗ്രൂപ്പിൽ സന്നദ്ധപ്രവർത്തകനായി റോയി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് പൊലീസ് വെൽഫെയർ സെല്ലിലേയ്ക്ക് മാറി. തുടർന്നാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് ഔട്ട്‌പോസ്റ്റിലേയ്ക്ക് മാറിയത്. ആശുപത്രിയിൽ പ്രവേശനം ലഭിക്കാൻ പണം ഈടാക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്.ഡോക്ടറുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശക്തിയായി കഴുത്ത് ഞെരിച്ചതിനാൽ തൈറോയ്‌ഡ് തരുണാസ്ഥി (തൈറോയ്‌ഡ് കാർട്ടിലേജ്) തകർന്നു. പ്രതിയുടെ വികൃതമായ ലൈംഗിക ആസക്തി, ജനനേന്ദ്രിയത്തിലെ അതിക്രൂരമായ പീഡനം എന്നിവമൂലം യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നതായും നാല് പേജുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *