കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ പത്ത് കോടിയുടെ അധികബാധ്യത, സിഎജി റിപ്പോർട്ട്

കൊവിഡ് കാലത്ത് ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻക്രമക്കേടെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ (സിഎജി) റിപ്പോർട്ട്. 10.23 കോടി രൂപയുടെ അധികബാധ്യത സർക്കാരിനുണ്ടായെന്നും പൊതുവിപണിയേക്കാൾ 300 ശതമാനം കൂടുതൽ പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2020 മാർച്ച് 28ന് 550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയ സർക്കാർ രണ്ട് ദിവസത്തിനുശേഷം 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

രണ്ട് ദിവസത്തിൽ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മഹാരാഷ്ട്ര ആസ്ഥാനമായ സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്.സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ‘ജനത്തിന്റെ ജീവൻ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവർണാവസരമായി സർക്കാർ കൊവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണസംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി ആർ ഏജൻസികളുടെ പ്രചരണത്തിലൂടെ വ്യാജ മുഖം കെട്ടിപ്പൊക്കിയത്. ഇന്ന് പുറത്തു വന്ന സിഎജി റിപ്പോർട്ട് പി ആർ ഇമേജിനെ തകർക്കുന്നതാണ്’- പ്രതിപക്ഷനേതാവ് ആരോപിച്ചു.വിഷയത്തിൽ കോൺഗ്രസ് ലോകായുക്തയ്ക്ക് പരാതി നൽകിയിട്ടുണ്ട്. കൊവിഡ് കാലത്ത് പിണറായി സർക്കാർ ഏകദേശം 500 കോടിയുടെയെങ്കിലും അഴിമതി കാണിച്ചിരിക്കുമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *