കൊല്ലം കളക്‌ട്രേറ്റ് ബോംബ് സ്‌ഫോടന കേസ്: പ്രതികളുടെ ശിക്ഷ ഇന്നു വിധിക്കും

കളക്‌ട്രേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്നു വിധിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

കേസില്‍ ഒന്നു മുതല്‍ മൂന്നുവരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. നാലാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

ബേസ് മൂവ്‌മെന്‍റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീം രാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

നാലാം പ്രതി ഷംസുദീനെ കോടതി കുറ്റവിമുക്തനാക്കി. ഇയാള്‍ക്ക് മറ്റു പ്രതികളോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തേ മാപ്പുസാക്ഷിയാക്കി വിസ്തരിച്ചിരുന്നു.

നാലാം പ്രതി ഷംസുദീൻ സ്‌ഫോടനത്തിന് ബോംബ് നിര്‍മിക്കാൻ പണം നല്‍കി സഹായിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. കൂടാതെ നേരത്തേ ഇവരെ പ്രതികളായി കണ്ടെത്തിയ മൈസൂരു സ്‌ഫോടന കേസില്‍ ഇയാള്‍ പ്രതിയുമല്ല. ഇതെല്ലാം പ്രതിക്ക് അനുകൂലമായി. തെളിവുകളുടെ അഭാവത്തിലാണ് ഇയാളെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്.

യുഎപിഎ സെക്‌ഷന്‍ 16- ബി, 18, 20, ഐപിസി 307, 324, 427 കൂടാതെ എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് ആക്‌ട് സെക്‌ഷന്‍ നാല്, പിഡിപിപിഐ സെക്‌ഷന്‍ മൂന്ന് -എ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഈ കുറ്റകൃത്യങ്ങള്‍ ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന് തെളിയിക്കാനായി. തങ്ങളുടെ ജയില്‍വാസം ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ചു.

സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തിരുവനന്തപുരം ബിജെപി പ്രസിഡന്‍റിന് അയച്ച മെസേജും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച വീഡിയോ സന്ദേശവും മലപ്പുറം സ്‌ഫോടന സ്ഥലത്തു നിന്ന് ലഭിച്ച പെന്‍ഡ്രൈവും പ്രതികള്‍ക്ക് എതിരായ തെളിവായി സാക്ഷിമൊഴികള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു. ഇത് പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന് തെളിയിക്കാനായി.

എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത മൊബൈല്‍, ലാപ്‌ടോപ് തുടങ്ങിയവയില്‍നിന്ന് കൊല്ലം കളക്‌ട്രേറ്റ് സ്‌ഫോടനം ആസൂത്രണം ചെയ്തതിനുള്ള തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇത് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ തെളിവുകളും പ്രതികള്‍ കുറ്റക്കാരാണെന്ന് സമര്‍ഥിക്കാന്‍ പ്രോസിക്യൂഷന് സഹായകമായി. എന്‍ഐഎ ഉദ്യോഗസ്ഥരെ അടക്കം കേസില്‍ സാക്ഷികളായി വിസ്തരിച്ചിരുന്നു.

രാജ്യത്ത് മുസ്‌ലിംകള്‍ക്ക് എതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് അഞ്ചിടങ്ങളിലായി ഇവര്‍ സ്‌ഫോടനങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പരമാവധി ജീവപര്യന്തം ശിക്ഷവരെ പ്രതികള്‍ക്ക് ലഭിച്ചേക്കാമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

അതേസമയം, തങ്ങള്‍ എട്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ കോടതിയില്‍ അപേക്ഷിച്ചു. പ്രതികളെ തിങ്കളാഴ്ച കനത്ത സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്. നേരത്തേ തയാറാക്കിയ 10 ചോദ്യങ്ങള്‍ പ്രതികളോട് കോടതി ആരായുകയും ചെയ്തു.

2016 ജൂണ്‍ 15ന് രാവിലെ 10.50 ന് കൊല്ലം കലക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് മുമ്ബില്‍ തൊഴില്‍ വകുപ്പിന്‍റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം. ചോറ്റുപാത്രത്തില്‍ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പ‍ഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് സാബുവിന് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *