കൊടുങ്ങല്ലൂരിലെ താലപ്പൊലി ഉത്സവ പറമ്പില്‍ കള്ളനോട്ട്; ഒരാള്‍ പിടിയില്‍

കൊടുങ്ങല്ലൂർ:
കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, പേപ്പറുകള്‍ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.
ഉത്സവപറമ്പില്‍ നിന്ന് കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കള്ളനോട്ടുകള്‍ക്ക് പിറകെ പോയ പൊലീസ് നോട്ട് അച്ചടിക്കാനുപയോഗിച്ച സംവിധാനങ്ങളും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കള്ളനോട്ട് മാറ്റിയെടുക്കാന്‍ ശ്രമിച്ച എറണാകുളം തിരുത്തിപ്പുറം ചിറയത്ത് ആല്‍ഫ്രഡ്(20) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി പത്തിനാണ് സംഭവം. ശ്രീകുരുംഭക്കാവിലെ താലപ്പൊലി ഉത്സവത്തില്‍ വടക്കേനടയിലെ കച്ചവടസ്റ്റാളുകളില്‍ നിന്ന് സാധനം വാങ്ങി 500 രൂപയുടെ കള്ളനോട്ട് മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് ആല്‍ഫ്രഡിനെ പൊലീസിലേല്‍പ്പിച്ചു.

പിന്നീട് ആല്‍ഫ്രഡിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, പേപ്പറുകള്‍ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. നോട്ടുകള്‍ വിദഗ്ധ പരിശോധന നടത്തി വ്യാജനോട്ടുകളാണെന്ന് ഉറപ്പുവരുത്തി. പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി കെ അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍ സാലിം, എഎസ്‌ഐ രാജേഷ്‌കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ അബീഷ് അബ്രഹാം, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ആല്‍ഫ്രഡിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *