പുതുവര്‍ഷത്തില്‍ ഉത്തരേന്ത്യയില്‍ കടുത്ത മഞ്ഞും മഴയും അനുഭവപ്പെട്ടേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ ശീതക്കാറ്റ് മുതല്‍ കഠിനമായ ശീത തരംഗാവസ്ഥ വരെ ഉണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് മുതല്‍ പടിഞ്ഞാറന്‍, കിഴക്കന്‍ ഉത്തര്‍പ്രദേശിലെ താപനില ഇനിയും കുറയും. അടുത്ത 2-3 ദിവസങ്ങളില്‍ കുറഞ്ഞ താപനിലയില്‍ 3-6 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവുണ്ടാകുമെന്നും ഞായറാഴ്ച മുതല്‍ കാലാവസ്ഥ വ്യക്തമാകുമെന്നും ഐഎംഡി.യിലെ ശാസ്ത്രജ്ഞന്‍ അതുല്‍ കുമാര്‍ സിംഗ് എഎന്‍ഐയോട് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മിക്ക സ്ഥലങ്ങളിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചില സ്ഥലങ്ങളിലും മഴ പെയ്തിരുന്നു.ഇന്നും ഇവിടങ്ങളിലെ മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം ചില സ്ഥലങ്ങളില്‍ നാളെ മുതല്‍ വരണ്ട കാലാവസ്ഥയായിരിക്കും. അടുത്ത 2-3 ദിവസങ്ങളില്‍ കുറഞ്ഞ താപനില 3-6 ഡിഗ്രി സെല്‍ഷ്യസ് കുറയും. ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളില്‍ ഇന്നും മിതമായ മഴയും മഞ്ഞുവീഴ്ചയും തുടരാന്‍ സാധ്യതയുണ്ട്.കംഗ്ര, കുളു, മാണ്ഡിയുടെ വടക്കന്‍ ഭാഗങ്ങള്‍, ലാഹുല്‍-സ്പിതി, കിന്നൗര്‍, സിര്‍മൗര്‍ ജില്ലകളുടെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഷിംല നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് അര്‍ധരാത്രി വരെ ഇടയ്ക്കിടെ നേരിയ മഴ പെയ്യാനും സാധ്യതയുണ്ട്.അതേസമയം കനത്ത മഞ്ഞുവീഴ്ച കാശ്മീരിലെ ജനജീവിതം ദുസ്സഹമാക്കി. സീസണിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച എയര്‍, റെയില്‍, റോഡ് ഗതാഗതത്തെ ബാധിക്കുകയും വൈദ്യുതിയും ജലവിതരണവും തടസപ്പെടുത്തുകയും ചെയ്തു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കുകളില്‍ കനത്ത മഞ്ഞ് അടിഞ്ഞുകൂടിയതിനാല്‍ ബനിഹാല്‍-ബാരാമുള്ള സെക്ഷനിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.ഇന്നലെ ഡല്‍ഹിയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് പെയ്തത്. ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 41.2 മില്ലിമീറ്റര്‍ മഴ പെയ്തു. 1923 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഡല്‍ഹി എന്‍സിആറില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളേയും മറ്റന്നാളും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.