കൊടകര കള്ളപ്പണ ഇടപാട് കേസ് ; ഇഡി അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊടകര കള്ളപ്പണ ഇടപാട് കേസില്‍ ഇഡിയുടെ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഹര്‍ജിയില്‍ ഇഡിയും കേന്ദ്ര ആദായ നികുതി വകുപ്പും മറുപടി നല്‍കിയേക്കും. കൊടകര കവര്‍ച്ചാ കേസിലെ അന്‍പതാം സാക്ഷി സന്തോഷ് ഹര്‍ജി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കൊടകര കവര്‍ച്ചാ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയായിരുന്നു ദേശീയ പാതയിലെ കോടികളുടെ കവര്‍ച്ച. കൊടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹവാല – കള്ളപ്പണ ഇടപാട് ഉള്ളതിനാല്‍ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഇഡിക്ക് കൈമാറി. ആകെ 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടാണ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചെലവഴിക്കാനായാണ് ഇത്രയും തുക കേരളത്തിലേക്ക് എത്തിച്ചത്. ഇതില്‍ 27 കോടി രൂപ ഹവാല വഴിയും 14 കോടി 40 ലക്ഷം രൂപ പാഴ്‌സലായും എത്തിച്ചു. കര്‍ണാടകയിലെ ബിജെപി നേതാക്കളായിരുന്നു പണം എത്തിച്ചതിന് പിന്നിലെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ച്‌ വിവിധ സ്ഥലങ്ങളില്‍ പണം കൈമാറിയെന്നുമാണ് പണമെത്തിക്കാനുള്ള ചുമതലയുള്ള കോഴിക്കോട് സ്വദേശി ധര്‍മ്മരാജന്റെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *