കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍: ട്രെയിൻ ഗതാഗതം തടസപ്പെട്ടു; അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ച്‌ വിട്ടു

കനത്ത മഴയെത്തുടർന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ട്രെയിൻ ഗതാഗതം വീണ്ടും തടസപ്പെട്ടു.

രത്നഗിരിയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഖേഡിന് സമീപം ദിവാങ്കാവതിയില്‍ കൊങ്കണ്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ വീണതായും റിപ്പോർട്ടുണ്ട്.

ഇതോടെ ട്രെയിൻ സർവീസുകള്‍ നിർത്തിവയ്ക്കുകയും അഞ്ച് ട്രെയിനുകള്‍ വഴി തിരിച്ച്‌ വിടുകയും ചെയ്തു. 16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാണ്‍-ലോണാവാല-ജോലാർപേട്ട-പാലക്കാട്-ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്, എല്‍ടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവില്‍ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.

ശക്തമായ മഴയെത്തുടർന്ന് വിൻഹെരെ (റായ്ഗഡ്), ദിവാൻ ഖാവതി (രത്നഗിരി) സ്റ്റേഷനുകള്‍ക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചിലുണ്ടായത്. നിലവില്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.

മണ്ണിടിച്ചിലുണ്ടായ സമയത്ത് ഈ ഭാഗത്തു കൂടി ട്രെയിനുകള്‍ ഒന്നും കടന്നു പോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കഴിഞ്ഞ 48 മണിക്കൂറായി മുംബൈയിലും കൊങ്കണിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയിലും കൊങ്കണ്‍ പാതയില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *