കൊങ്കണ്‍ റെയില്‍വേ പാതയിലൂടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയത് കേരളത്തിലെ യാത്രക്കാരെ പെരുവഴിയിലാക്കി.12 ട്രെയിനുകള്‍ റദ്ദാക്കിയത് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല്‍പതിലധികം ട്രെയിനുകളുടെ സര്‍വീസിനെ ബാധിച്ചതോടെ യാത്രക്കാര്‍ റെയില്‍വെ സ്‌റ്റേഷനില്‍ കാത്തുകെട്ടികിടക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്. ഇതിനാല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേര്‍ യാത്ര ഒഴിവാക്കി വീടുകളിലേക്ക് മടങ്ങേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്.തുരങ്കത്തിലുണ്ടായ ചോര്‍ച്ചയാണ് വെള്ളക്കെട്ടിന് കാരണമായത്. കൊങ്കണ്‍ പാതയില്‍ സാവന്ത് വാഡിക്കും മഡ്ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ മേഖലയിലെ പന്ത്രണ്ടോളം ട്രെയിനുകള്‍ റദ്ദാക്കി. നേത്രാവതി, ദുരന്തോ, മംഗള അടക്കം നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. കനത്തമഴയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പെര്‍നെം തുരങ്കത്തില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. തുടര്‍ന്ന് യാത്ര ഭാഗികമായി തടസപ്പെട്ടിരുന്നു.യുദ്ധകാലാടിസ്ഥാനത്തിലാണ് തുരങ്ക പാത ജോലികള്‍ നടക്കുന്നതെന്ന് കൊങ്കണ്‍ റെയില്‍വേ സി എം ഡി സന്തോഷ് കുമാര്‍ ജാ അറിയിച്ചു. ഇതിനായി വലിയൊരു ടീമിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുവാന്‍ കഴിയുമെന്നും റെയില്‍വെ ഉദ്യോഗസ്ഥന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മുംബൈ , ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടെങ്കിലും ഭൂരിഭാഗം പേരും യാത്ര ഒഴിവാക്കി മടങ്ങി പോകുകയായിരുന്നു.തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി, മംഗളുരു മുംബൈ സൂപ്പര്‍ ഫാസ്റ്റ്, മംഗളുരു ലോക് മാന്യ തിലക് മത്സ്യഗന്ധ സൂപ്പര്‍ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് കേരളത്തില്‍ നിന്നുള്ള റദ്ദാക്കിയ സര്‍വീസുകള്‍. മുംബൈ , ഗോവ ജനശതാബ്ദി എക്‌സ്പ്രസ്, മണ്ഡോവി എക്‌സ്പ്രസ്, മുംബൈ മംഗളൂരു എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയ മറ്റ് ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.കൊങ്കണ്‍ മേഖലയില്‍ വെള്ളക്കെട്ട് യാത്രയെ തടസ്സപ്പെടുത്തിയതോടെ നിരവധി ട്രെയിനുകള്‍ പലയിടത്തായി നിര്‍ത്തിയിടുകയായിരുന്നു. നിലവില്‍ കൊങ്കണ്‍ റെയില്‍വേ മഡ്ഗാവ് സ്റ്റേഷനില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. വഴിതിരിച്ചുവിട്ടതും റദ്ദാക്കിയതുമായ ട്രെയിനുകളെ സംബന്ധിച്ച വിവരങ്ങള്‍ക്ക് 8322706480 എന്ന നമ്ബറില്‍ ബന്ധപ്പെടാന്‍ യാത്രക്കാരോട് റെയില്‍വെ വെബ് സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്