കൈത്താങ്ങും അദാലത്തുകൾ ഏറെ ഫലപ്രദമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 

മാസങ്ങളായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തുകൾ ഏറെ ഫലപ്രദമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതികളുടെ എണ്ണം കുറയുന്നത് സർക്കാർ സംവിധാനം കാര്യക്ഷമമാകുന്നതിന് തെളിവാണ്. പരാതികളില്ലാത്ത സംസ്ഥാനത്തിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ വകുപ്പുകളും കരുതലോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള സേവനം സമയബന്ധിതമായി ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു ചടങ്ങിൽ അധ്യക്ഷനായ മന്ത്രി പി.രാജീവ് പറഞ്ഞു. അദാലത്തുകളില്ലാതെ പരാതികൾ പരിഹരിക്കപ്പെടുന്ന കാര്യക്ഷമമായ സംവിധാനമുണ്ടോക്കാനാണ് ശ്രമിക്കുന്നത്. അദാലത്തിൽ ഉയരുന്ന പ്രശ്നങ്ങളിൽ പൊതുവായ തീരുമാനമെടുക്കുന്നതിനു ചട്ട ഭേദഗതി ഉൾപ്പടെ ചർച്ച ചെയ്യും. നിയമവും ചട്ടവും വ്യാഖ്യാനിക്കേണ്ടതു നിയമത്തിൻ്റെ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കിയാകണം. നിയമത്തിനും ചട്ടത്തിനും അകത്തു നിന്നു ജനങ്ങൾക്ക് ആശ്വാസം പകരാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എം എൽ എ മാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, മുവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ്, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, വാർഡ് കൗൺസിലർ രാജശ്രീ രാജു, തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, ആർഡിഒ പി.എൻ. അനി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *