മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായി കേക്ക് മുറിയുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് ഹമീദ് ഫൈസി നടത്തിയ വിമർശനത്തിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. താൻ ഉൾപ്പെട്ട കേസുകളിൽ നിന്ന് ഊരിപ്പോരാൻ ഇടതുമുന്നണി സഹായിക്കും എന്ന ധാരണയാണ് ചിലർക്ക്. അതിനായി മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നു എന്നായിരുന്നു ഹമീദ് ഫൈസിയെ ലക്ഷ്യമിട്ട് പിഎംഎ സലാം പറഞ്ഞത്. ഭീകരമായ തട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം ചിലർക്ക് ലീഗ് നേതാക്കളെ കുറ്റം പറയലാണ്. ജനങ്ങൾ അംഗീകരിച്ച രാഷ്ട്രീയമാണ് മുസ്‌ലിം ലീഗിന്റേത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അത് കണ്ടതാണ്. പിന്നെ എന്തിനാണ് പഴകിപ്പുളിച്ച ആരോപണങ്ങൾ ഏറ്റെടുത്ത് നടക്കുന്നത് എന്നായിരുന്നു പിഎംഎ സലാമിൻ്റെ പ്രതികരണം.
പി വി അൻവർ യുഡിഎഫിലേക്ക് വരും എന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്ന് പിഎംഎ സലാം ചൂണ്ടിക്കാണിച്ചു. യുഡിഎഫിലേക്ക് ആളെ എടുക്കേണ്ടത് മാധ്യമങ്ങളല്ല. യുഡിഎഫ് അൻവറിൻ്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, ചർച്ച നടത്തിയിട്ടില്ല. രാഷ്ട്രീയത്തിൽ ആർക്കും സ്വന്തം അഭിപ്രായങ്ങളുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ പിഎംഎ സലാം അൻവറിൻ്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചു.
ഭരണവിരുദ്ധ വികാരം മറച്ചുവെയ്ക്കാനാണ് മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ വിമർശിക്കുന്നതെന്നും പിഎംഎ സലാം റിപ്പോർട്ടറിനോട് വ്യക്തമാക്കി. വിമർശനങ്ങളിൽ നിന്ന് തടിയൂരാൻ വേണ്ടിയാണ് മുഖ്യമന്ത്രി ലീഗിനെ കുറ്റം പറയുന്നത്. ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുന്നത് രാഷ്ട്രീയ ചെറ്റത്തരമാണെങ്കിൽ അത് പതിറ്റാണ്ടുകളോളം ചെയ്ത പാർട്ടിയാണ് സിപിഐഎം. എസ്ഡിപിഐയുമായി ഇപ്പോഴും സഖ്യമുള്ളത് സിപിഐഎമ്മിനാണ്. യുഡിഎഫിന് ജമാഅത്തെ ഇസ്‌ലാമി വോട്ട് ചെയ്തിട്ടുണ്ടെന്നും പിഎംഎ സലാം വ്യക്തമാക്കി.
പി സി ജോർജിന്റേത് കേരളം കണ്ട ഏറ്റവും വിദ്വേഷകരമായ പരാമർശമാണെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. രാജ്യത്തെ സൗഹാർദ്ദം തകർക്കുന്ന പരാമർശമാണ് പി സി ജോർജ് നടത്തിയത്. പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചു. പിണറായി വിജയനാണ് ഇത്തരം ആളുകളെ സംരക്ഷിക്കുന്നതെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.
കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓർഫനേജ് സ്കൂളിലെ മൂന്ന് അധ്യാപകർ വ്യാജരേഖയുണ്ടാക്കി സർക്കാർ ശമ്പളം വാങ്ങിയ വിഷയമാണ് പിഎംഎ സലാം പരോക്ഷമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്, ഡയറക്ടർ ജനറൽ ഓഫ് എജ്യുകേഷൻ, വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. ശമ്പളമായി കൈപറ്റിയ തുകയും പിഴപലിശയും അടക്കം ഒരുകോടി രൂപ തിരിച്ച് പിടിക്കണം എന്നത് അടക്കമുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യ സ്ഥപനത്തിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയ അതേ കാലയളവിലാണ് സർക്കാർ ശമ്പളവും കൈപറ്റിയത് എന്നാണ് വണ്ടൂർ എഇഒ യുടെയും, മലപ്പുറം ഡിഇഇയുടെയും അന്വേഷണത്തിൽ തെളിഞ്ഞത്. സർക്കാർ പണം തിരിച്ച് പിടിക്കുന്ന നടപടി ഉടൻ ഉണ്ടാകാനാണ് സാധ്യത. വ്യാജ രേഖ ഉണ്ടാക്കിയത് അടക്കം ഉള്ള സംഭവത്തിൽ തുടർ നടപടികൾ തടയാനും ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. സ്കൂൾ മാനേജറെ മാറ്റി വണ്ടൂർ എഇഒ സ്കൂളിൻ്റെ ചുമതല ഏറ്റെടുക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. അനാഥാലയത്തിന് കീഴിലെ സ്കൂളിൽ തട്ടിപ്പ് നടന്നത് ഗൗരവമാണെന്ന് ദാറുന്നജാത്ത് സൊസൈറ്റി യോഗം വിലയിരുത്തിയിട്ടുണ്ട്.