കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയനെപ്പോലെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാവില്ലെന്ന് ഇടത് എംഎല്‍എ കെ ടി ജലീല്‍.
മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടിച്ചുകീറാന്‍ നോക്കിയിട്ടും അദ്ദേഹം അജയ്യനായി നില്‍ക്കുന്നു. പിണറായിയുടെ നേരിന്റെയും നെറിയുടെയും വികസന കാഴ്ചപ്പാടിന്റെയും യഥാര്‍ത്ഥ ചിത്രം തന്റെ സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകത്തില്‍ ഒരു തലക്കെട്ടിനു കീഴില്‍ വിശകലനം ചെയ്യുന്നുണ്ടെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ തനിക്ക് തണലായ സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനാണ് പുസ്തകം സമര്‍പ്പിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഹൃദയം ചേര്‍ന്നു നില്‍ക്കാന്‍ കോടിയേരിയുടെ സ്നേഹമസൃണമായ സമീപനം ഏറെ സഹായിച്ചു. ഇരുവരുമായുള്ള സാമീപ്യം എനിക്കു നല്‍കിയ അനുഭവ സമ്ബത്ത് അമൂല്ല്യമാണ്. മായം ചേര്‍ക്കാത്ത മതേതര രാഷ്ട്രീയം ജീവിതാന്ത്യംവരെ ഉയര്‍ത്തിപ്പിടിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ കൊരമ്ബയിലിനും മതനിരപേക്ഷതയുടെ ജീവസ്സുറ്റ പ്രതീകവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൗമ്യ മുഖവുമായിരുന്ന കോടിയേരിക്കുമാണ് ഈ പുസ്തകം സമര്‍പ്പിക്കുന്നത്. എഴുത്തിന്റെ ലോകത്ത് കൂടുതല്‍ സജീവമാകാന്‍ ആവേശം പകര്‍ന്ന മാന്യവായനക്കാരോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കുന്നില്ല’, കെ ടി ജലീല്‍ കുറിച്ചു.