സർക്കാർ മെഡിക്കൽ കോളജുകളിലെ അടിസ്ഥാന
സൗകര്യങ്ങളുടെയും അധ്യാപക തസ്‌തികകളുടെയും കാര്യത്തിലുള്ള ഗുരുതരമായ അപര്യാപ്‌തതകളും നാളിതുവരെ പരിഹരിക്കപ്പെടാത്ത ശമ്ബള പരിഷ്കരണത്തിലെ അപാകതകളിലും പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ പ്രക്ഷോഭ പരിപാടികളിലേക്ക്.
മെഡിക്കൽ കോളജുകളുടെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
എൻഎംസി മാനദണ്ഡങ്ങൾ അനുസരിച്ച് കാസർഗോഡ്, വയനാട്, ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിൽ മതിയായ അധ്യാപക തസ്‌തികകൾ സൃഷ്‌ടിക്കുക, എല്ലാ മെഡിക്കൽ കോളജുകളിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ തസ്‌തികകൾ അനുവദിക്കുക, മെഡിക്കൽ കോളേജുകളിൽ എൻഎംസി.
മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുക, എൻട്രി കേഡറിലെ ശമ്ബള അപാകതകൾ പരിഹരിക്കുക. മെഡിക്കൽ കോളജ് അധ്യാപകർക്ക് ലഭിക്കേണ്ട ശമ്ബള പരിഷ്‌കരണ കുടിശ്ശികയും, മറ്റ് ശമ്ബള അപാകതകളും അടിയന്തരമായി പരിഹരിക്കുക, കേന്ദ്രനിരക്കിൽ ക്ഷാമബത്തയും അതിൻ്റെ കുടിശ്ശികയും ഉടൻ അനുവദിക്കുക, കേരളത്തിലെ കേന്ദ്ര സിവിൽ സർവീസ്, ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചതുപോലെ ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.


