സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസം പകുതിയോടെ നിലവില്‍വരുമെന്ന് സൂചന. ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കില്ല.
ടൂറിസം മേഖലയില്‍ നേട്ടമുണ്ടാകുമെന്നും ഡ്രൈ ഡേ പിന്‍വലിച്ചാല്‍ 12 അധികപ്രവര്‍ത്തി ദിനങ്ങള്‍ കിട്ടുന്നതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നാം തീയതിയിലെ അവധി തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് നയം രൂപീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ബാറുടമകള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലുള്ള നിരവധി മാറ്റങ്ങള്‍ നയത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ടൂറിസം മേഖലയ്ക്ക് ഗുണമാകുമെന്നും കേരളത്തില്‍ ഒന്നാം തീയതി മദ്യം ലഭിക്കാത്തതിനാല്‍ നിരവധി വന്‍കിട കമ്ബനികളുടെ യോഗങ്ങളും മറ്റും സംസ്ഥാനത്തിന് ലഭിക്കാതെ പോകുന്നുവെന്ന് വിവിധ വകുപ്പുകളുമായി നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നുവെങ്കിലും ഡ്രൈ ഡേ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഡ്രൈ ഡേ ഒഴിവാക്കാതെ തന്നെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുന്ന നിരവധി മാറ്റങ്ങള്‍ ബാറുകള്‍ കേന്ദ്രീകരിച്ചുണ്ടാകുമെന്നാണ് സൂചന. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഉള്‍പ്പെടെ മാറ്റം കൊണ്ടുവരാനുള്ള സാദ്ധ്യതയുണ്ട്. പ്രീമിയം ബ്രാന്‍ഡിലെ മദ്യം വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ദുരുപയോഗ സാദ്ധ്യതയും ഒപ്പം തന്നെ സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള എതിര്‍പ്പും കാരണം വിശദമായി ആലോചിച്ച ശേഷം മാത്രം മതി അന്തിമ തീരുമാനമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഹോം ഡെലിവറി നേട്ടങ്ങള്‍
1.ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്‍പനശാലകളിലെ തിരക്ക് ഒരുപരിധിവരെ കുറയ്ക്കാം
2.വീടുകളിലെത്തിക്കുന്നതിന് മൂവായിരം പേര്‍ക്കെങ്കിലും ജോലി സാദ്ധ്യത
3.പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പന വര്‍ദ്ധിക്കുന്നതിലൂടെ സര്‍ക്കാര്‍ വരുമാനം കൂടും
മദ്യവില്‍പന വരുമാനം
(ബിയര്‍ ഉള്‍പ്പെടെ,
തുക കോടിയില്‍)
2022-23……………………………….18,530.97
2023-24……………………………….19,088.33
വര്‍ദ്ധന………………………………….557.36