കേരളം തമിഴ്നാട്ടില്‍ മാലിന്യം തള്ളുന്നു; അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചു തള്ളും’; ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ

തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം ബയോമെഡിക്കല്‍ മാലിന്യം തള്ളുന്നുവന്ന ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ.

തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ബയോമെഡിക്കല്‍, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ഗണ്യമായ അളവില്‍ തമിഴ്‌നാട്ടിലെ അയല്‍ ജില്ലകളില്‍ നിക്ഷേപിക്കുന്നതായാണ് അണ്ണാമലൈ ആരോപിച്ചിരിക്കുന്നത്.

കാവേരി നദീജലം പങ്കിടല്‍ ഉള്‍പ്പെടെയുള്ള തമിഴ്‌നാടിന്റെ അവകാശങ്ങള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡിഎംകെയുടെ സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അടിയറവച്ചതായി അണ്ണാമലൈ എക്സിലെ പോസ്റ്റില്‍ ആരോപിച്ചു.

“നമ്മുടെ തെക്കൻ ജില്ലകള്‍, പ്രത്യേകിച്ച്‌ കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി എന്നിവ കേരള സർക്കാരിന്റെ ഡംപ്‌യാർഡായി മാറിയിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കോഴി മാലിന്യങ്ങള്‍ എന്നിവ ലോറികളില്‍ നിയമവിരുദ്ധമായി തള്ളുന്നു,” അദ്ദേഹം പറഞ്ഞു.

അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകള്‍ മാലിന്യ ശേഖരണ കേന്ദ്രങ്ങളായി മാറിയെന്നും കേരളത്തില്‍ നിന്ന് മാലിന്യ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് അനധികൃതമായി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“തെക്കൻ ജില്ലകളില്‍ നിന്ന് കേരളത്തിലേക്കുള്ള അനധികൃത ധാതുക്കള്‍ കടത്തുന്നത് തടയാൻ ഡിഎംകെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിനും നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ അറിവോടെയാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്- അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ അനധികൃതമായി തള്ളുന്നത് സംസ്ഥാന സർക്കാർ ഉടൻ നിർത്തണം. അവ തമിഴ്‌നാട്ടില്‍ തള്ളുന്നത് തുടർന്നാല്‍, ജനുവരി ആദ്യവാരം ആളുകളെ കൂട്ടി കേരളത്തിലേക്ക് മാർച്ച്‌ ചെയ്ത് അവ അവിടെ തന്നെ നിക്ഷേപിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *