: സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തില്‍ മുന്നേറ്റം നടത്തി ക്ലീൻ കേരള കമ്ബനി. ഹരിത കർമ സേനക്ക് വീടുകളില്‍ നിന്ന് ഒന്നര ലക്ഷത്തോളം ടണ്‍ അജൈവ മാലിന്യം ശേഖരിക്കാൻ കഴിഞ്ഞു.
ഇതില്‍ പുനരുപയോഗിക്കാവുന്നവ വേർതിരിച്ച് സംസ്കരിച്ച് രണ്ടായിരം കിലോയിലധികം പ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കാനുമായിട്ടുണ്ട്.
സംസ്ഥാനത്തെ 35,000ഓളം ഹരിതകർമ സേനാംഗങ്ങള്‍ വഴി വീടുകളില്‍നിന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കലക്ഷൻ ഫെസിലിറ്റികളില്‍ (എം.സി.എഫ്) എത്തിക്കുകയും ഇവിടെനിന്ന് തരം തിരിച്ച് നിശ്ചിത വിലയ്ക്ക് ക്ലീൻ കേരള കമ്ബനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
തരംതിരിച്ച അജൈവ മാലിന്യം പുനഃസംസ്കരണ യൂനിറ്റുകള്‍ക്കാണ് ക്ലീൻ കേരള കമ്ബനി നല്‍കുന്നത്. ഇതിന് ഓരോന്നിനും വ്യത്യസ്ത വിലയും നിശ്ചയിച്ചിട്ടുണ്ട്. ചില മാലിന്യം നല്‍കുമ്ബോള്‍ കമ്ബനിക്ക് പണം ലഭിക്കുമെങ്കില്‍ ചിലത് സംസ്കരിക്കുന്നതിന് കമ്ബനി അങ്ങോട്ട് പണം നല്‍കണം. മാലിന്യം വിറ്റ് കിട്ടുന്ന ലാഭമാണ് ജീവനക്കാരുടെ ശമ്ബളമടക്കം കമ്ബനിയുടെ പ്രവർത്തനത്തിന് വിനിയോഗിക്കുന്നത്.
നിലവില്‍ പ്രതിമാസം ശരാശരി 6000 ടണ്‍ പാഴ്വസ്തു ശേഖരിക്കുന്നുണ്ട്. ഇതില്‍ 1200 ടണ്ണോളം പുനഃസംസ്കരിക്കാവുന്നവയാണ് ജി.കെ. സുരേഷ് ബാബു ക്ലീൻ കേരള കമ്ബനി മാനേജിങ് ഡയറക്ടർ
കർമരംഗത്തെ ഹരിതം
- അഞ്ചുവർഷം കൊണ്ട് ക്ലീൻ കേരള കമ്ബനി ശേഖരിച്ച് സംസ്കരിച്ചത് 1.45 ലക്ഷം ടണ്‍ അജൈവ മാലിന്യം.
- ഇതില്‍ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്: 33,762 ടണ്‍
- ഇതില്‍നിന്ന് ഉല്‍പാദിപ്പിച്ചത്: 2192 കിലോ സംസ്കരിച്ച പ്ലാസ്റ്റിക്
- അഞ്ചു വർഷംകൊണ്ട് ഹരിതകർമസേനാംഗങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം 23.32 കോടി രൂപ
- സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത മാലിന്യം: 1.03 ലക്ഷം ടണ്‍
- ഇലക്ട്രോണിക് മാലിന്യം 1069.07 ടണ്‍
- അപകടകരമായ മാലിന്യം 112.45 ടണ്‍
- ഗ്ലാസ് മാലിന്യം 5180.78 ടണ്‍.
- ചെരിപ്പ്, ബാഗ്, തെർമോകോള്‍, തുണി, മരുന്ന് സ്ട്രിപ്, ഉപയോഗശൂന്യമായ ടയർ എന്നിവയെല്ലാം ശേഖരിച്ചവയില്‍പെടുന്നു. 10 വർഷത്തിനിടെ 1.63 ലക്ഷം ടണ്‍ മാലിന്യം ഇങ്ങനെ ശേഖരിച്ചു.
മാലിന്യം എന്ത് ചെയ്യുന്നു?
- സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത പാഴ്വസ്തുക്കള്‍ സിമന്‍റ് ഫാക്ടറികള്‍ക്ക് നല്‍കും.
- ട്യൂബ്, എല്‍.ഇ.ഡി ബള്‍ബുകള്‍ തുടങ്ങിയ അപകടകരമായ മാലിന്യം കിലോക്ക് 50 രൂപയും നികുതിയും ഈടാക്കി സ്ഥാപനങ്ങളില്‍നിന്ന് ശേഖരിക്കും. ഇവ കൊച്ചിയില്‍ വ്യവസായ വകുപ്പിന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് കൈമാറും. സംസ്കരണച്ചെലവ് കിലോക്ക് 48 രൂപ.
- സർക്കാർ സ്ഥാപനങ്ങളില്‍നിന്ന് കിലോക്ക് 10 രൂപ നിരക്കില്‍ ഇ-മാലിന്യം എടുക്കും.ഈ ഇനത്തില്‍ സർക്കാറിന് ക്ലീൻ കേരള കമ്ബനി ഇതിനകം രണ്ടുകോടിയിലധികം രൂപ നല്‍കിയിട്ടുണ്ട്.
- മരുന്ന് സ്ട്രിപ്പുകളും മറ്റും കേരളത്തിന് പുറത്തെ ഫാക്ടറികളില്‍ എത്തിച്ച് ഫർണസുകളില്‍ ഇന്ധനമായി ഉപയോഗിക്കും. ഇതിന് കിലോക്ക് 50 പൈസ മുതല്‍ ഒരു രൂപ വരെ കമ്ബനികള്‍ക്ക് അങ്ങോട്ട് ഫീസ് നല്‍കണം.
- ഗ്ലാസ് മാലിന്യവും മറ്റ് സംസ്ഥാനങ്ങളിലെ കമ്ബനികള്‍ക്കാണ് നല്‍കുക. ഇതിന് കിലോക്ക് രണ്ടുരൂപ വരെ ക്ലീൻ കേരളക്ക് കിട്ടും.