കേന്ദ്ര സർക്കാരിനെയും തമിഴ്നാട് സർക്കാരിനെയും വിമർശിച്ച് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്.
ജനങ്ങളെ സ്നേഹിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബി ആർ അംബേദ്കറെ കുറിച്ചുള്ള രചനകള്‍ സമാഹരിച്ച് വി സി കെ ഡെപ്യൂട്ടി ജനറല്‍ ആധവ് അർജുന തയ്യാറാക്കിയ എല്ലോർക്കും തലൈവർ അംബേദ്കർ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മള്‍ ശബ്ദമുയർത്തണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വർദ്ധിച്ചുവരികയാണ്. പരിഹാരം ലളിതമാണ്. ജനങ്ങളെ സ്നേഹിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനെ നമ്മള്‍ തിരഞ്ഞെടുക്കണം,” വിജയ് പറഞ്ഞു. രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന മണിപ്പൂർ വിഷയത്തില്‍ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനത്തെയും വിജയ് കുറ്റപ്പെടുത്തി.
ശുദ്ധ ജലത്തില്‍ മനുഷ്യ വിസർജം കലർന്ന വേങ്കവയല്‍ സംഭവത്തില്‍ സംസ്ഥാന സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്നും വിജയ് പറഞ്ഞു. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്നും അംബേദ്കർ ജന്മദിനം രാജ്യം ജനാധിപത്യ അവകാശദിനമായി ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുതിർന്ന സഖ്യ പങ്കാളിയുടെ നിർബ്ബന്ധം മൂലം വി സി കെ പ്രസിഡൻ്റ് തോല്‍ തിരുമാവളന് പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും വിജയ് പറഞ്ഞു. സഖ്യകക്ഷി സർക്കാരിന്റെ സമ്മർദ്ദം മൂലം അംബേദ്കറുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പോലും പിന്മാറിയ തിരുമാവളന്റെ മനസ്സ് നമ്മോടൊപ്പം ഉണ്ടാകുമെന്നും വിജയ് പറഞ്ഞു.
ആദ്യം എം കെ സ്റ്റാലിനെ ആയിരുന്നു പുസ്തകത്തിന്റെ പ്രകാശനത്തിന് നിശ്ചിച്ചിരുന്നത്. എന്നാല്‍ പിന്നീട് സ്റ്റാലിന് പകരം വിജയ് ആയി. ഒക്ടോബറില്‍ വിജയ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിത്തുന്നതിന് മുൻപ് വിജയ്ക്കൊപ്പം വേദി പങ്കിടാൻ തിരുമാവളൻ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം പിന്മാറി.
പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയും നിലനില്‍പ്പിനായി രാഷ്ട്രീയ സഖ്യത്തെ മാത്രം ആശ്രയിക്കുകയും ചെയ്യുന്നവരെ താൻ ഒരു കാര്യം ഓർമപ്പെടുത്തുകയാണ്, നിങ്ങളുടെ നിരാശാജനകമായ സഖ്യത്തിൻ്റെ കണക്കുകൂട്ടലുകള്‍ 2026-ല്‍ ജനങ്ങള്‍ തന്നെ നശിപ്പിക്കും” വിജയ് പറഞ്ഞു.
വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ അംബേദ്കറെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ ആദ്യപ്രതി അദ്ദേഹത്തിൻ്റെ ചെറുമകൻ ആനന്ദ് തെല്‍തുംബ്ഡെ ഏറ്റുവാങ്ങി.