കേന്ദ്രത്തിന് വേണ്ടതും കേരളം നല്‍കാത്തതും കണക്ക്

യനാട്ടിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ സായുധ സേനകള്‍ അവരുടെ സേവനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ടു എന്നത് വാര്‍ത്തയാക്കി കൊടുക്കാന്‍ തക്ക ദയനീയ അറിവേ മലയാള മാധ്യമ പ്രവര്‍ത്തര്‍ക്ക് ഉള്ളൂ എന്നതാണ് വാസ്തവം.

വയനാട്ടിലെ രക്ഷാ ദൗത്യത്തിന് സൈന്യം കേരളത്തോട് കൂലി ചോദിച്ചത്രെ.

ഒരു സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം അവിടെ ഏത് സേനയെ വിന്യസിപ്പിച്ചാലും അവിടെയൊരു കോസ്റ്റ് ഫാക്ടര്‍ ഉണ്ടാകും. അത് അതത് സേനകള്‍ നല്കുന്ന സേവനത്തിന് ചിലവാകുന്ന തുകയാണ്. വിമാനം പറത്തുന്നതിനും കപ്പല്‍ ഓടിക്കുന്നതിനുമൊക്കെ ഇന്ധനം ഉപയോഗിക്കുന്നതടക്കം പല ചിലവുകളും ഉണ്ടാകും. ഈ തുക സംസ്ഥാനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാരോ അല്ലെങ്കില്‍ സംസ്ഥാനം തന്നെയോ നല്‍കണം. സൈന്യത്തിന്റെ ബജറ്റ് നീക്കിവയ്‌ക്കലില്‍ വരുന്ന കാര്യമല്ല പ്രകൃതി ദുരന്തം. പക്ഷെ ഒരു ദുരന്തം ഉണ്ടായാല്‍ അവര്‍ ദുരന്തമുഖത്തേക്ക് സര്‍വ്വസന്നാഹങ്ങളുമായെത്തി ജനങ്ങളുടെ ജീവന്‍ രക്ഷിക്കും. ഹെലികോപ്ടര്‍, ബോട്ട്, സൈനിക വാഹനങ്ങള്‍ എല്ലാം ദുരന്തത്തിന്റെ സ്വഭാവമനുസരിച്ച്‌ അവര്‍ എത്തിക്കും.

സൈന്യത്തിന് പ്രത്യേക സാഹചര്യങ്ങളില്‍ വിന്യസിപ്പിക്കുമ്ബോള്‍ വരുന്ന അധിക ചിലവുകള്‍ സര്‍ക്കാര്‍ കൃത്യമായി തന്നെ സൂക്ഷിക്കണം. അത് നിയമമാണ്. ഏത് സംസ്ഥാനമാണെങ്കിലും അത് കണക്കില്‍ ഉള്‍പ്പെടുത്തി തന്നെയാണ് അവസാനിപ്പിക്കുക. പിന്നീട് അത് ഏത് ആര് വഹിക്കണം എന്നത് അതത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ്. അതില്‍ സൈന്യത്തിന് പങ്കില്ല. ആ പണം എങ്ങനെ, എവിടെ നിന്ന്, എപ്പോള്‍ വരുമെന്ന് നോക്കാം.

15-ാമത് ധനകാര്യ കമ്മിഷന്റെ തീരുമാന പ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലേക്ക് (എസ്ഡിആര്‍എഫ്) ഉള്ള തുകയുടെ 75 ശതമാനം മുതല്‍ 90 ശതമാനം വരെ കേന്ദ്ര സര്‍ക്കാരാണ് കൊടുക്കുന്നത്. ബാക്കി വരുന്ന 10 ശതമാനം-25 ശതമാനം വരെയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്. ധനകാര്യ കമ്മിഷന്‍ എന്നതൊരു ക്വാസി ജൂഡിഷ്യല്‍ ബോഡി ആണ്. രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ല.

കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് 25 ശതമാനമാണ് സംസ്ഥാന വിഹിതമെങ്കില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കത് 10 ശതമാനം മാത്രമാണ്. ഈ പണം കൊടുക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നാണ്. ദുരന്തം ഉണ്ടായാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിനായാണ് എസ്ഡിആര്‍എഫ് നല്‍കുന്നത്. അല്ലാതെ ആ തുകയെടുത്ത് വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയല്ല ഉത്തരവാദിത്വ ബോധമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്.

എസ്ഡിആര്‍ഫണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന, ധനകാര്യ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള പണത്തിന് മീതെയാണ് എന്തെങ്കിലും ദുരന്തം നടന്നാല്‍ പ്രഖ്യാപിക്കപ്പെടുന്ന സ്‌പെഷ്യല്‍ പാക്കേജ്. സാമ്ബത്തിക വര്‍ഷം 2024-25 ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കായി 15,000 കോടിയാണ് നല്‍കിയത്. അതില്‍ കേരളത്തിന് 292 കോടി രൂപയാണ് അനുവദിച്ചത്. അത് രണ്ട് ഗഡുക്കളായി കേരളത്തിന് കേന്ദ്രം നല്‍കി ക്കഴിഞ്ഞു. അതില്‍ സംസ്ഥാന വിഹിതമായ 100 കോടി രൂപ കൂടി ചേര്‍ക്കുമ്ബോഴേ ധനകാര്യ കമ്മിഷന്‍ പറഞ്ഞ കണക്ക് ശരിയാവൂ. അത് കൂടാതെ മുന്‍പുള്ള ദുരന്തങ്ങള്‍ക്ക് പണം ശരിയായി വിനിയോഗിക്കാതെ വരികയും ആ തുക നീക്കിയിരുപ്പ് ആയും കോടിക്കണക്കിന് രൂപ കേരളത്തിന്റെ പക്കലുണ്ട് താനും. ഈ കണക്ക് ഒക്കെ എവിടെ? അത് ആദ്യം നല്‍കൂ എന്നും ബാക്കി പണം കണക്കാക്കി ഉടനെ നല്‍കാം എന്നുമാണ് കേന്ദ്രം പറഞ്ഞത്. അതാണ് പ്രോട്ടോക്കോള്‍. അപ്പോള്‍ കേരളം കോടതിയില്‍ പോയി. ഹൈക്കോടതി ഇതേ ചോദ്യം ചോദിച്ചപ്പോള്‍ കേരളം ഇരുട്ടില്‍ തപ്പി. കണക്ക് കൊടുക്കുമ്ബോള്‍ എസ്ഡിആര്‍എഫില്‍ ബാക്കി നില്‍ക്കുന്ന തുക കണക്കാക്കിയ ശേഷമുള്ള തുകയാണ് കേന്ദ്രം നല്‍കുക. അതിനുവേണ്ടിയാണ് കണക്ക് ചോദിക്കുന്നത്. ഇത് കോടതിക്കും ധനകാര്യ കമ്മിഷനും അറിയാം. ഇനി സുപ്രീം കോടതിയില്‍ പോയാലും കേരളം നാണം കെടും. കാരണം സ്‌കൂള്‍ കുട്ടികള്‍ക്ക് മനസിലാവുന്ന ലോജിക്ക് ആണ് കേരളം മറച്ചു പിടിക്കുന്നത്. പ്രബുദ്ധ കേരള ജനതക്ക് അതൊട്ട് മനസ്സിലാവുന്നുമില്ല.

ഒരു ഉദാഹരണം പറയാം:

2018 ല്‍ കേരളത്തില്‍ പ്രളയം ഉണ്ടായി. അന്ന് കേന്ദ്ര സര്‍ക്കാര്‍ പാക്കേജായി സംസ്ഥാനത്തിന് 2900 കോടി ലഭിച്ചു. ഇക്കാര്യം നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. 2019 ലും നാട്ടില്‍ പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായി. അന്ന് സംസ്ഥാനം കേന്ദ്രത്തോട് വീണ്ടും 1600 കോടി രൂപ ആവശ്യപ്പെട്ടു. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അദ്ധ്യക്ഷനായ സമിതി 460 കോടി രൂപയാണ് എന്‍ഡിആര്‍എഫില്‍ നിന്ന് കേരളത്തിന്റെ എസ്ഡിആര്‍എഫിലേക്ക് കൊടുക്കാന്‍ ശിപാര്‍ശ ചെയ്തത്. കാരണം 1-4-19 ലെ കണക്ക് പ്രകാരം മുന്‍വര്‍ഷത്തെ എസ്ഡിആര്‍എഫ് വിഹിതത്തില്‍ 2000 കോടിക്ക് മേല്‍ ഉപയോഗിക്കാതെയും വകയിരുത്താതെയും ബജറ്റ് വകയിരുത്തല്‍ ഇല്ലാതെയും കണ്ടു. അപ്പോള്‍ ആ തുക കഴിച്ച്‌ ബാക്കിയാണ് ഫണ്ട് നല്‍കുക. അതിനാണ് കണക്ക് ചോദിക്കുന്നത്. അപ്പോള്‍ തുക ഏതേലും പുനരുദ്ധാരണ പാക്കേജിന് വകയിരുത്തിയ രേഖകള്‍ തെളിവ് സഹിതം കാണിച്ചാല്‍ അത് ഒഴിവാക്കാമല്ലോ. അതും സംസ്ഥാനം ചെയ്തില്ല. അപ്പോള്‍ ആ തുക മിച്ചം ആണെന്ന് കണക്കാക്കിയാണ് ബാക്കി 400 കോടി കൊടുത്താല്‍ മതിയെന്ന് പറഞ്ഞത്. ഫലത്തില്‍ കേരളം കേന്ദ്ര സഹായമായ 1000 കോടിയോളം നഷ്ടപ്പെടുത്തി. ഇതാണ് ഇപ്പോഴും സംഭവിക്കാന്‍ പോകുന്നത്. കേരളത്തിന്റെ കടം തീര്‍ക്കാനല്ല, മറിച്ച്‌ ദുരന്ത നിവാരണത്തിനുള്ള പണം മാത്രമേ നല്‍കുകയുള്ളൂ എന്നാണ് കേന്ദ്രം പറയുന്നത്.

കേരളം ചെയ്യേണ്ടത്

കൃത്യമായി കണക്ക് കാണിച്ചുകൊണ്ട് എസ്ഡിആര്‍എഫ് തുക വിനിയോഗിച്ച ശേഷം ദുരന്തത്തിന്റെ വ്യാപ്തി ശാസ്ത്രീയമായി കണക്കാക്കി അതിന്റെ തുകയും കൂടാതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ആ പണം കൂടി പുനരുദ്ധാരണ പാക്കേജ് ആയി വാങ്ങി എടുക്കണം. അതിന്റെ പഠനത്തിനായി ഒരു ഏജന്‍സിയെ വച്ചാലും നഷ്ടമില്ല.

എല്ലാ സംസ്ഥാനങ്ങളും ഇപ്രകാരം ചെയ്യുമ്ബോള്‍ കേരളം കോടതിയില്‍ പോയി സ്വന്തം ചെയ്തികള്‍ ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ചു നാണം കെട്ടു. എന്‍ഡിആര്‍ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാന്‍ വേണ്ടിയുള്ളതാണ്. പക്ഷെ, അതിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണം. ഇവിടെ കേരളത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പണിതു നല്‍കാം എന്ന് പറഞ്ഞ 100 വീടുകളുടെ സ്ഥലം പോലും കണ്ടെത്തി മാര്‍ക്ക് ചെയ്തു കൊടുത്തു ആ പണം വാങ്ങാന്‍ പോലും ഇതുവരെ മിനക്കെട്ടിട്ടില്ല എന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞു കഴിഞ്ഞു. ഇതുപോലും ചെയ്യാന്‍ കഴിയാത്തവരാണ് കേന്ദ്രത്തെ പഴിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *