ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനും അവരുടെ പിണറായി വിജയന്‍ സര്‍ക്കാരിനും വീണ്ടും വീണ്ടും തിരിച്ചടികളുടെ ഗോള്‍ മഴ. ഏറ്റവും ഒടുവില്‍ വിദേശ സഹകരണത്തിനായി ഐഎഎസ് ഉദ്യോഗസ്ഥ വാസുകിയെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കട്ടക്കലിപ്പിലായി. ഭരണഘടനയെ മറികടക്കരുതെന്ന് മുഖ്യമന്ത്രിക്കും ശിങ്കിടികള്‍ക്കും വിദേശകാര്യ മന്ത്രാലയം കര്‍ശന താക്കീത് നല്‍കി. കേന്ദ്രത്തിന്റെ അധികാരത്തിലേക്ക് കടക്കരുതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടന നല്‍കുന്ന അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി. വിദേശങ്ങളുമായുള്ള ബന്ധങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനാ വിഷയമാണെന്നും അത് സംസ്ഥാന പട്ടികയിലും കണ്‍കറന്റ് പട്ടികയിലും ഉള്ളതല്ലെന്നും പിണറായിയെ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയും പിന്നാലെ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായ വിമര്‍ശനങ്ങളും കാരണം പഴയ ശൗര്യം ഒരു പൊടിക്കെങ്കിലും അടക്കിയ പിണറായിക്ക് ഇത് വലിയ പ്രഹരമായി. ബജറ്റില്‍ സംസ്ഥാനത്തിന് ഒന്നും അനുവദിച്ചില്ലെന്ന കാര്യം സിപിഎം രാഷ്ട്രീയ ആയുധമാക്കി മുന്നേറുമ്ബോഴാണ് അപ്രീക്ഷിത തിരിച്ചടിയുണ്ടായത്.
വിദേശരാജ്യങ്ങള്‍, എംബസികള്‍ എന്നിവയുമായി നേരിട്ടുള്ള സഹകരണത്തിനാണ് വാസുകിയെ നിയമിച്ചത്. ഇതിനായി വിദേശ ഏകോപനം എന്ന ഡിവിഷനും രൂപീകരിച്ചിരുന്നു. തൊഴില്‍ വകുപ്പ് സെക്രട്ടറിയാണ് വാസുകി. വിദേശത്ത് നിന്ന് എന്തെങ്കിലും സഹായമോ, സഹകരണമോ ലഭ്യമാകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പിന്നെ എന്തിനാണ് ഇത്തരത്തിലൊരു ഡിവിഷന്‍ രൂപീകരിച്ചതെന്ന് വ്യക്തമല്ല.
സംസ്ഥാനത്തെത്തുന്ന പല വിദേശ സ്ഥാനപതികളും വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം എന്നീ മേഖലകളിലുള്ള സഹകരണത്തിന് തയ്യാറാവാറുണ്ട്. അതുകൊണ്ട് വിവിധ വകുപ്പുകളുടെ ഏകോപനം നടത്താനാണ് വാസുകിയെ നിയമിച്ചത്. ഇവരെ സഹായിക്കാന്‍ പൊതുഭരണ വകുപ്പ്, ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷ്ണര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിനൊക്കെ പിന്നില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റ് ചില മന്ത്രിമാരും ഇടയ്ക്കിടെ നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ആക്ഷേപം ഉയരുന്നുണ്ട്. ചില ബിജെപി നേതാക്കള്‍ ഇത് സംബന്ധിച്ച കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് കേന്ദ്രം അനുമതി നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും അവസാനം കുവൈറ്റില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും അനുമതി കൊടുത്തില്ല. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന മന്ത്രിമാര്‍ പോകുന്ന പതിവില്ലെന്നാണ് കേന്ദ്രം പറയുന്നത്. പക്ഷെ, മുഖ്യമന്ത്രിയും മകളും ഭാര്യയും അടിക്കടി ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ദുബൈയിലെ ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും ലാവ്‌ലിന്‍ അടക്കമുള്ള കമ്ബനികള്‍ ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചെന്നും ഷോണ്‍ ജോര്‍ജ് അടുത്തകാലത്ത് ആരോപിച്ചിരുന്നു. ഒരു കമ്ബനി ഈ ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഷോണ്‍ ഉറച്ചുനിന്നു. ഇതിനെതിരെ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷും വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ഐ.ടി കമ്ബനി തുടങ്ങാനായി, അവിടുത്തെ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ സഹായം തേടിയതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. പ്രോട്ടോക്കോള്‍ തെറ്റിച്ച് കുവൈറ്റ് രാജാവിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്ഹൗസിലെത്തിച്ചെന്നും കമലാ വിജയന്‍ കുവൈറ്റ് രാജ്ഞിക്ക് സമ്മാനം കൊടുത്തത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. അതുപോലെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ഡോളര്‍ കടത്തിയ സംഭവങ്ങളും നടന്നിട്ടുണ്ട്. അതിലൊക്കെ ഭരണനേതൃത്വത്തിലെ പലര്‍ക്കും പങ്കുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യങ്ങളും വാസുകിയുടെ സെക്രട്ടറി പദവും കൂട്ടിവായിക്കുമ്ബോള്‍ എന്തൊക്കെയോ, എവിടെയോ ചീഞ്ഞുനാറുന്നത് പോലെ… തോന്നുന്നു.
കെ വാസുകിയുടെ നിയമനത്തിന്റെ പേരില്‍ വിദേശകാര്യമന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചീഫ് സെക്രട്ടറി വി വേണു മാധ്യമങ്ങളോട് പറഞ്ഞു. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിന്‍വലിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ ധാരണയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് വന്നാലേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കഴിഞ്ഞ മാസം 15ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തൊഴില്‍ വകുപ്പ് സെക്രട്ടറി ഡോ വാസുകിക്ക് വിദേശ സഹകരണത്തിന്റെ ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. വാസുകിയുടെ നിയമനം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് സത്യവുമായി യാതൊരു ബന്ധമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ വേണുവിന്റെ ആദ്യ നിലപാട്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ പിറക്കുന്നതെന്നാണ് വേണു ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചീഫ് സെക്രട്ടറി ന്യായീകരിക്കാന്‍ ശ്രമിച്ചതെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അനാവശ്യമായി കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കൈ കടത്തരുതെന്ന കര്‍ശന താക്കീതും സംസ്ഥാന സര്‍ക്കാരിന് വാങ്ങിക്കേണ്ടി വന്നു എന്നത് വലിയ നാണക്കേടിയി. മുഖ്യമന്ത്രിയോ മന്ത്രിമാരോ സിപിഎം നേതാക്കളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.